Pages

Wednesday, November 23, 2011

അറിവോടെ ജീവിക്കുക- തഥാതന്‍

അറിവോടെ ജീവിക്കുക

 
തഥാതന്‍ ജീവിതത്തെ നിഷേധിക്കുകയല്ല, ‘ജീവിക്കുവിന്‍’ എന്ന്‌ തന്നെയാണ്‌ തഥാതന്റെ ആഹ്വാനം. പക്ഷേ, എങ്ങനെ ജീവിക്കണം എന്ന അറിവോടുകൂടി ജീവിക്കാനാണ്‌ തഥാതന്‍ പറയുന്നത്‌. വിദ്യാഭ്യാസവും, ജോലിയും വിവാഹവും, വീടും ഒക്കെ വേണ്ടതുതന്നെ. എന്നാല്‍ വിദ്യാഭ്യാസം എന്തിന്‌, ജോലി എന്തിന്‌, വിവാഹവും വീടും സന്താനങ്ങളും എന്തിന്‌ എന്ന അറിവോടുകൂടി വേമം അവയെ സ്വീകരിക്കാന്‍. സമൂഹത്തിന്റെ അന്ധമായ രീതികളെ നമ്മളും പിന്തുടരുന്നതില്‍ അര്‍ത്ഥമില്ല. ‘അതാണ്‌ പ്രകൃതി ലക്ഷ്യബോധ പൂര്‍വ്വകം ജീവിതവ്യം മാനവേന’ എന്ന സൂത്രത്തിന്റെ സന്ദേശം.

പ്രകൃതിയുടെ ലക്ഷ്യമറിഞ്ഞ്‌ ജീവിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്‌ അതിന്റേതായ മഹിമയുണ്ട്‌. അതുപോലെ വിവാഹത്തിനും ജോലിക്കും സന്താനത്തിനും എല്ലാം എത്രയോ മഹിമകളുണ്ട്‌. അതറിഞ്ഞാണ്‌ നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ പിന്നെ ഇവിടെ പ്രശ്നമേ ഇല്ല. ഇന്ന്‌ നാം വിദ്യാഭ്യാസത്തില്‍ തൃപ്തരല്ല, ജോലിയില്‍ തൃപ്തരല്ല, ഭാര്യയിലും ഭര്‍ത്താവിലും തൃപ്തരല്ല, സന്താനങ്ങളില്‍ തൃപ്തരല്ല…. പ്രകൃതിയുടെ ലക്ഷ്യം അറിഞ്ഞാണ്‌ നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇപ്രകാരം സംഭവിക്കില്ല. അതുകൊണ്ടാണ്‌ ജീവിക്കാനുള്ള അറിവ്‌, ജ്ഞാനം നമുക്ക്‌ കൈവന്നില്ലെന്ന്‌ പറയുന്നത്‌. ജനങ്ങള്‍ കാണിക്കുന്ന ദുരാചാരങ്ങളില്‍ നിന്ന്‌ സുഖംകിട്ടും എന്ന്‌ തെറ്റിദ്ധരിച്ച്‌ അതില്‍ ചാടി വീഴുകയാണ്‌ നാം ചെയ്യുന്നത്‌. ഇന്ന്‌ നാട്ടില്‍ ഏറ്റവും തകൃതിയായ ബിസിനസ്‌ മദ്യവില്‍പനയാണ്‌. മദ്യത്തില്‍ ജനം സുഖം തേടുന്നു.
മദ്യം കഴിക്കുമ്പോള്‍ സ്വബോധം നഷ്ടപ്പെടുന്നു. അപ്പോള്‍ ഒരു സുഖം. കാരണം നമ്മുടെ മനസ്സിനെ അഭിമുഖീകരിക്കാനുള്ള ശക്തി നമുക്കില്ല. അതുകൊണ്ട്‌ മനസ്സിനെ മയക്കി കിടത്താന്‍ മദ്യപിക്കുന്നു. ഒടുക്കം നിത്യരോഗിയും ഭ്രാന്തനും നാടിനും വീടിനും കൊള്ളാത്തവനും ആയി തീര്‍ന്ന്‌ നശിക്കുന്നു. മദ്യം കഴിക്കാതെ തന്നെ, നമ്മുടെ മനസ്സിനെ മാറ്റിയെടുത്താല്‍, നാം അന്വേഷിക്കുന്ന സുഖം കിട്ടും. പിന്നെ എന്തിന്‌ മദ്യക്കുപ്പിയില്‍ ജീവിതം ഹോമിക്കണം. അതാണ്‌ ജീവിക്കാനുള്ള അറിവ്‌. ആ അറിവാണ്‌ നാം നേടേണ്ട ഏറ്റവും വലിയ ധനം. ആ ധനം നമ്മോടൊപ്പം ഉണ്ടായാല്‍ ലോകജീവിതത്തില്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല.


മാലിന്യത്തിന്റെ ഉറവിടങ്ങള്‍

ഒരു വ്യക്തിയുടെ ദൈനംദിന ജവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന നാല്‌ അടിസ്ഥാന വശങ്ങള്‍ ഉണ്ട്‌. 
1. നമ്മുടെ ജന്മ സംസ്കാരങ്ങള്‍ (അത്‌ കഴിഞ്ഞ ജന്മങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സ്വഭാവ സവിശേഷതകളാണ്‌) 
2. മാതാപിതാക്കളുടെ പാരമ്പര്യം (ശരീരം തന്നത്‌ മാതാപിതാക്കള്‍ ആയതിനാല്‍ അവരുടെ പാരമ്പര്യത്തിന്റെ സ്വാധീനങ്ങള്‍ നമ്മെ സ്വാധീനിക്കുന്നു.) 
3. സമൂഹം (ഓരോ വ്യക്തിയും വളര്‍ന്ന്‌ വരുന്ന സമൂഹത്തിന്റെ സംസ്കാരം ആ വ്യക്തിയെ സ്വാധീനിക്കുന്നു.) 
4. നാം കഴിക്കുന്ന ഭക്ഷണം (ഭക്ഷണത്തിന്റെ സ്വഭാവം നമ്മെ നിയന്ത്രിക്കുന്നു.)
ഈ പറഞ്ഞവയെല്ലാം ജീവിതയാത്രയെ നിയന്ത്രിക്കുന്ന സ്വാധീനങ്ങളാണെന്ന്‌ ഉറപ്പാണല്ലോ. ഈ സ്വാധീനങ്ങളുടെ പിടിയില്‍ നിന്ന്‌ മോചനം നേടാതെ പ്രകൃതിയുടെ ലക്ഷ്യത്തെ തിരിച്ചറിയാനോ, ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി സഞ്ചരിക്കാനോ നമുക്ക്‌ കഴിയുകയില്ല. ഇവിടെയാണ്‌ ശരീര പ്രാണ മനസ്സുകളുടെ ശുദ്ധീകരണത്തിന്റെ പ്രസക്തി കിടക്കുന്നത്‌. ശരീരപ്രാണ മനസ്സുകള്‍ ശുദ്ധമാക്കുമ്പോള്‍ നമ്മുടെ അന്തഃകരമം തെളിയും. പ്രകൃതി ഈ ജീവിതം കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന തിരിച്ചറിവ്‌ അപ്പോള്‍ നമുക്ക്‌ ഉണ്ടാകും. മലിനമായ ശരീരപ്രാണമനസ്സുകള്‍ക്ക്‌ പ്രകൃതിയുടെ ഉദ്ദേശ്യത്തെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? പൊടിപിടിച്ച കണ്ണാടിയില്‍ പ്രതിബിംബം കാണില്ലല്ലോ. ആ പൊടികളെല്ലാം തുടച്ച്‌ വൃത്തിയാക്കിയാല്‍ മുഖം നോക്കാം. അതുതന്നെയാണ്‌ ജീവിതത്തിലും വേണ്ടത്‌.
-തഥാഥന്‍

 

ത്യാഗമനോഭാവം


നാം ഏറ്റെടുക്കുന്ന ജീവിതം സഫലീകരിക്കാന്‍ നമുക്ക്‌ വേണ്ടതെന്ന്‌ വേണ്ടാത്തതെന്ത്‌ എന്ന്‌ വിവേചിച്ചറിഞ്ഞ്‌ വേണ്ടതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ ത്യാഗം. ത്യാഗമില്ലാതെ നമുക്ക്‌ ഒന്നും നേടിയെടുക്കാന്‍ പറ്റില്ല. അവര്‍ ഉറക്കത്തെ ത്യജിക്കുന്നണ്ടല്ലോ. അപ്പോള്‍ പിന്നെ മദ്ധ്യമ മാര്‍ഗത്തിലെ ത്യാഗവും കള്ളന്റെ ത്യാഗവും തമ്മില്‍ എന്താണ്‌ വ്യത്യാസം? ഉദ്ദേശ്യശുദ്ധിയാണ്‌ ഇവിടെ രണ്ടായി നില്‍ക്കുന്നത്‌. കള്ളന്‍ അന്യന്റെ മുതല്‍ മോഷ്ടിക്കാന്‍ ഉറക്കത്തെ ത്യാഗം ചെയ്യുന്നു. നാം പ്രകൃതിയുടെ ഉദ്ദേശ്യത്തെ സഫലീകരിക്കാന്‍ അനര്‍ഹമായ ചര്യകളെ ത്യാഗം ചെയ്യുന്നു. കള്ളന്റെ ത്യാഗംകൊണ്ട്‌ സമൂഹത്തിന്‌ ദുഃഖം വരുമ്പോള്‍ ആത്മസാധകന്റെ ശരിയായ ത്യാഗം ലോകത്തിന്‌ വെളിച്ചമായി തീരുന്നു. ഇപ്പോള്‍ മദ്ധ്യമമാര്‍ഗം അവലംബിച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യന്‌ വേണ്ട ഗുണങ്ങളെക്കുറിച്ചാണ്‌ നാം ചര്‍ച്ചചെയ്യുന്നത്‌. ധര്‍മ്മസൂത്രങ്ങളില്‍ പൂര്‍വഖണ്ഡം അനുഷ്ഠിക്കുമ്പോള്‍ ത്യാഗം എന്ന ഗുണം അനിവാര്യമാണെന്ന്‌ പറഞ്ഞിരിക്കുന്നു. പുതിയ ഒന്നിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ പഴയ സംസ്കാരങ്ങള്‍ നമ്മെ പുറകോട്ട്‌ വലിച്ചുകൊണ്ടിരിക്കുമല്ലോ. അപ്പോള്‍ പഴയ ദുര്‍വൃത്തിയെ അതിക്രമിച്ച്‌ മുന്നോട്ടുപോകേണ്ട സാഹചര്യം വരികതന്നെ ചെയ്യും. പക്ഷേ ഉള്ളതിനെ കളയാന്‍ ഇന്ന്‌ ആര്‍ക്കും ഇഷ്ടമല്ല.
കുപ്പത്തൊട്ടിയില്‍ വലിച്ചെറിയേണ്ടവയാണെന്ന്‌ നന്നായി അറിഞ്ഞിട്ടും നാം അവയെ കൂടെത്തന്നെ കൊണ്ടുനടക്കുന്നു. കാരണം നാം സുഖം കാണുന്നത്‌ അവയെ വിട്ട്‌ ചിന്തിക്കാന്‍ നാം അശക്തരാണ്‌.

പുകവലിയുടെ കാര്യം നോക്കൂ. പലരും അതില്‍ അടിമകളാണ്‌. വാസ്തവത്തില്‍ ചിന്തിച്ചാല്‍ പുകവലിയിലൂടെ ഇവര്‍ക്ക്‌ എന്താണ്‌ കിട്ടുന്നത്‌? ശരീരത്തിന്റെ ആരോഗ്യത്തെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ശീലം. പക്ഷേ അതിനെ ഉപേക്ഷിക്കാന്‍ നമുക്ക്‌ പേടിയാണ്‌. ഇതുപോലെ എത്രയോ ദുശീലങ്ങള്‍ നാം കൂടെ കൊണ്ടുനടക്കുന്നുണ്ട്‌. മദ്യം, മയക്കുമരുന്ന്‌, മാംസാഹാരം മുതലായവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

ആസക്തിയാണ്‌ ത്യാഗത്തിന്‌ തടസ്സം. നാം എത്രത്തോളം ആസക്തിയില്‍പ്പെട്ട്‌ കിടക്കുന്നുവോ അത്രത്തോളം പ്രയാസകരമാണ്‌ ത്യാഗം. പണത്തില്‍ ആസക്തി ഉള്ളവന്‌ പണത്തോടുള്ള മമതയെ ത്യാഗം ചെയ്യാന്‍ പ്രയാസമാണ്‌. അതുപോലെ ഭാര്യയില്‍, മക്കളില്‍ പേരില്‍, പ്രശസ്തിയില്‍ നാം മമതാബദ്ധരായി കഴിയുന്നു. നാം കരുതുന്നത്‌ ഇന്ന്‌ നാം കൂടെ കൊണ്ട്‌ നടക്കുന്ന ആഗ്രഹങ്ങളും, മമതകളും, ശീലങ്ങളും മറ്റുമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥവും സന്തോഷവും നല്‍കുന്നതെന്നാണ്‌. എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്‌. നാം കൈമുതലാക്കി വച്ചിരിക്കുന്ന സ്വത്തുക്കളെല്ലാം നമ്മുടെ വളര്‍ച്ചക്കും സന്തോഷത്തിനും വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളാണ്‌. അവയോടുള്ള ആസക്തിയേയും മമതയേയും ത്യാഗം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എത്രയോ ശ്രേഷ്ഠവും സന്തുഷ്ടവുമായി തീരുന്നു.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ത്യാഗത്തിന്‌ പ്രസക്തിയുണ്ട്‌. ബാഹ്യമായി നാം ആചരിക്കുന്ന എല്ലാ കര്‍മ്മങ്ങളും അര്‍ഹതയുള്ളത്‌ മാത്രം സ്വീകരിച്ച്‌ അര്‍ഹതപ്പെടാത്തതിനെ ഉപേക്ഷിക്കുന്നത്‌ പ്രവൃത്തിതലത്തിലുള്ള ത്യാഗമാണ്‌. പുകവലിക്കാതിരിക്കുക, മദ്യം കഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. അതുപോലെ അസത്യം പറയാതിരിക്കുന്നത്‌ വാക്തലത്തില്‍ പുലര്‍ത്തേണ്ട ത്യാഗത്തില്‍ പെട്ടതാണ്‌. ഈ രണ്ടിലും വച്ച്‌ കൂടുതല്‍ സൂക്ഷ്മമാണ്‌ ചിന്താമണ്ഡലത്തില്‍ പുലര്‍ത്തേണ്ട ത്യാഗബുദ്ധി. നാം പരിശ്രമിച്ചില്ലെങ്കിലും ചിന്തകള്‍ സദാസമയവും നമ്മുടെ മനോതലത്തിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുമല്ലോ. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌. ചിന്തകളുടെ ശക്തിയും അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌.
ഇന്ന്‌ നാം എന്താണോ ചിന്തിക്കുന്നത്‌ അതാണ്‌ നാളെ ആയിത്തീരുന്നത്‌. ഇതില്‍ നിന്ന്‌ മറ്റൊന്നുകൂടി മനസ്സിലാക്കാം. അതായത്‌ ഇന്ന്‌ നാം എന്താണോ അത്‌ ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ പരിണത ഫലം മാത്രമാണ്‌. ഈശ്വരനെ ചിന്തിക്കുന്നവന്‍ ഈശ്വരനിലേക്ക്‌ ഉയരുന്നു. ഭോഗത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‍ ഭോഗിയായി തീരുന്നു. എന്തുകൊണ്ടെന്നാല്‍ ചിന്തയില്‍ നിന്നാണ്‌ വാക്കും കര്‍മ്മവും ഉടലെടുക്കുന്നത്‌. ചിന്തയും വാക്കും കര്‍മ്മവും ചേര്‍ന്നാല്‍ അത്‌ നമ്മുടെ ജീവിതമായി. അതാണ്‌ മനസാ വാചാ കര്‍മ്മണാ എന്ന പ്രയോഗത്തിന്റെ പ്രസക്തി.

കുടുംബത്തിനുവേണ്ടി വ്യക്തിയുടെ സുഖത്തെയും സമൂഹത്തിനുവേണ്ടി കുടുംബത്തിന്റെ സുഖത്തേയും ലോകത്തിനുവേണ്ടി സമൂഹത്തിന്റെ സുഖത്തേയും ത്യജിക്കണമെന്ന്‌ മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന ലക്ഷ്യത്തിനുവേണ്ടി താരതമ്യേന സങ്കുചിതമായ സുഖങ്ങള്‍ ഉപേക്ഷിക്കണമെങ്കില്‍ സങ്കുചിതമായ ചിന്താഗതികളേയും കാഴ്ചപ്പാടുകളെയും ത്യജിക്കുക തന്നെ വേണം. എന്നാല്‍ ത്യാഗം ചെയ്യുന്നതിനുമുന്‍പ്‌ അതിനെ സംബന്ധിച്ച ഉത്തമബോദ്ധ്യം നമുക്ക്‌ ഉണ്ടായിരിക്കണം. വാസ്തവത്തില്‍ ബോദ്ധ്യം വന്നാല്‍ പിന്നെ ത്യാഗം ബുദ്ധിമുട്ടുള്ള ഒരു കാര്യമേ അല്ല.

ത്യാഗം മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന്‌ ചിന്തിക്കുന്ന പലരും സമൂഹത്തിലുണ്ട്‌. സ്വാതന്ത്ര്യത്തെ സംബന്ധിച്ച്‌ ഇവരുടെ വീക്ഷണം തന്നെ അബദ്ധമാണ്‌. ദുരാചാരങ്ങള്‍ക്കും ദുഷ്ചിന്തകള്‍ക്കും അടിമപ്പെട്ട ദുര്‍ബ്ബലന്‍മാരാണ്‌ ത്യാഗം സ്വാതന്ത്ര്യത്തിന്‌ തടസമാണെന്ന്‌ വാദിക്കുന്നത്‌. അതില്‍ യാതൊരു വസ്തുതയും ഇല്ല. ഹീന സംസ്കാരങ്ങളുടെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യമനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭ പടരുകയുള്ളൂ. മദ്യത്തിന്‌ അടിമയായി ജീവിക്കുന്നത്‌ അല്ല സ്വാതന്ത്ര്യം. മദ്യത്തിന്‌ സ്വാധീനിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ കൈവരിക്കുന്നതാണ്‌ സ്വാതന്ത്ര്യം. ആഗ്രഹങ്ങളുടെ പുറകെ ഓടുന്നതല്ല സ്വാതന്ത്ര്യം.

ഓരോ മനുഷ്യാത്മാക്കള്‍ക്കും തന്റെ ജീവിതം കൊണ്ട്‌ നേടിയെടുക്കേണ്ടതായ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്‌. ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ ത്യാഗം കൂടിയേ തീരൂ. കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തിക്കൊണ്ടുവരാന്‍ മതാവ്‌ ചെയ്യുന്ന ത്യാഗം എത്ര വലുതാണെന്ന്‌ ചന്തിച്ചുനോക്കൂ. അതുപോലെ ഓരോ വ്യക്തികളും തന്റെ ജീവിത ദൗത്യങ്ങളെ നിറവേറ്റാന്‍ എന്തു ത്യാഗത്തിനും തയ്യാറാവേണ്ടതുണ്ട്‌. ഈശ്വര നിയോഗം തിരിച്ചറിഞ്ഞ്‌ നാം ചെയ്യുന്ന ത്യാം തനിക്കും ലോകത്തിനും മഹത്തായ നന്മകളെ പ്രദാനം ചെയ്യും. ലോകത്തിന്‌ ധര്‍മ്മോപദേശം നല്‍കാന്‍ ഇന്ന്‌ തഥാതന്‌ കഴിയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയുമോ?

ഒരു ആത്മസാധകന്റെ ജീവിതത്തിലും ത്യാഗത്തിന്‌ ഉന്നത സ്ഥാനമാണുള്ളത്‌. ജീവിതത്തില്‍ അവന്‍ സ്വീകരിച്ച വ്രതനിഷ്ഠകളെ പാലിക്കുന്നതിന്‌ നിരന്തരമായ ത്യാഗമനോഭാവം അത്യാവശ്യമാണ്‌. കാലത്ത്‌ എട്ടുമണിവരെ കിടന്നുറങ്ങി ശീലിച്ച ഒരാള്‍ സാധനാ ജീവിതത്തിലേക്ക്‌ കടന്ന്‌ വരുമ്പോള്‍ അയാള്‍ അതിരാവിലെ ഉണരാന്‍ തുടങ്ങുന്നു. വൈകി ഉണരുക എന്ന ശീലത്തെ ത്യാഗം ചെയ്തുകൊണ്ട്‌ അയാള്‍ക്ക്‌ അതികാലത്ത്‌ ഉണരാന്‍ സാധിക്കുന്നത്‌. മാദ്ധ്യമ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ ത്യാഗങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ത്യാഗത്തിന്‌ വേണ്ടിയാകരുത്‌ ത്യാഗം. ആ സ്കതിയും മമതയും വെടിഞ്ഞ്‌ വേണ്ടതും വേണ്ടാത്തതും ഏതെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതമാണ്‌ ഇവിടെ നമുക്ക്‌ ആവശ്യം.

No comments: