Pages

Sunday, January 22, 2012

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

വാസ്തവത്തില്‍ ഹിന്ദുക്കള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് അവര്‍ ദര്‍ശിക്കുന്നത്. കാമുകി നല്‍കിയ ഒരു പേനയില്‍ അല്ലെങ്കില്‍ പത്തുപൈസ വിലവരുന്ന ഒരു മുത്തില്‍ കാമുകന്‍ ദര്‍ശിക്കുന്നത് സ്വന്തം കാമുകിയെ ആണ്. ആ വസ്തുവിനെയല്ല. അതിനു പകരം മറ്റെന്തു നല്‍കാമെന്നു പറഞ്ഞാലും അവന്‍ സമ്മതിക്കില്ല. 
ആ കാമുകനെ സംബന്ധിച്ച് കാമുകി നല്‍കിയ പേന വെറും പേനയല്ല. ആ മുത്ത് വെറും മുത്തല്ല. വില മതിക്കാനാകാത്ത തന്റെ കാമുകി തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങിനെ ഒരു ഭാവം വരുമെങ്കില്‍, ഒരു ഭക്തനെ സംബന്ധിച്ച് സര്‍വ്വേശ്വരന്റെ പ്രതീകമായ ആ വിഗ്രഹം എത്രമാത്രം വിലപ്പെട്ടതാണ്‌! അത് ആ ഭക്തന് കേവലം ശിലയല്ല, ചൈതന്യമൂര്‍ത്തിയാണ്.

മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്. ഗുണങ്ങളല്ലാത്തവനാണ് ഈശ്വരനെങ്കില്‍ പിന്നെ ഈശ്വരനെ കുറിച്ച് എന്താണ് പറയുവാന്‍ കഴിയുക? അതിനാല്‍ ഹിന്ദു  പറയുന്നത് എല്ലാ ഗുണങ്ങളും ഈശ്വരനാണെന്നാണ്. ഈശ്വരനല്ലാതെ യാതൊന്നുമില്ല. ആയതിനാല്‍ സര്‍വ്വതിനെയും ഉള്‍കൊള്ളാന്‍ തക്ക വിശാലത ഹിന്ദുവിനുണ്ട്. ഈശ്വരനെയല്ലാതെ മറ്റൊന്നും അവനു കാണുവാന്‍ കഴിയില്ല.

ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നില്ലെ. ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നില്ലേ? ഇതൊക്കെ വിഗ്രഹാരാധനയുടെ വിത്യസ്തരൂപങ്ങളല്ലേ? പിന്നെ എന്തുകൊണ്ട് ഹിന്ദുക്കളുടെ ആരാധനമാത്രം ചിലര്‍ പിശാചിന്റെ ആരാധന എന്ന് പറയുന്നു?. അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.

വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും ഹിന്ദു മതത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.

ചിലര്‍ പറയും വിവാഹം വെറും ഒരു താലി കെട്ടലല്ലേയെന്ന്. ശരിയാണ് വെറും ഒരു ചരട് കഴുത്തില്‍ കെട്ടുകയാണ്. എന്നാല്‍ ആ ചരടിനും ആ മുഹൂര്‍ത്തത്തിനും നമ്മള്‍ എത്ര വിലയാണ് കല്പിക്കുന്നത്!. ജീവിതത്തില്‍ അസ്ഥിവാരം കുറിക്കുന്ന മുഹൂര്‍ത്തമാണത്. ആ ചടങ്ങിന് നമ്മള്‍ കല്പിക്കുന്നത്, ആ ചരടിന്റെ വിലയല്ല. ജീവിതത്തിന്റെ മൊത്തം വിലയാണ്. ഇതേ പോലെ വിഗ്രഹത്തിന്റെ വില വെറും കല്ലിന്റെതല്ല. അത് വിലമതിക്കാനാകാത്തതാണ്. പ്രപഞ്ചനാഥന് തുല്യമാണ് അതിന്റെ സ്ഥാനം

Wednesday, January 11, 2012

ഒരു നൂറ്റാണ്ടിലേ ഏറ്റവും വലിയ പ്രചോദകന്‍ ..?

സ്വാമി വിവേകാനന്ദന്‍

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. 2013 ജനുവരി 12 നു അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികമാണ്.
ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൗര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം.
ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനത. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ മുന്നിലേക്ക് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. വെറും ചേര്‍ക്കളമെന്നു ലോകം പുച്ഛിച്ചു തള്ളിയ ഈ പുണ്യഭൂമി പൊടുന്നനേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി.
ഭാരതത്തിന്റെ പ്രാചീന വേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്‍മ്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം. പാശ്ചാത്യരുടെ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ ശക്തി പ്രകടനം കണ്ടു അന്ധാളിച്ചു നിന്ന ലോകത്തിനു മുന്‍പില്‍ ഭാരതീയ വൈദിക ജ്ഞാന വൈഭവത്തിന്റെ അജയ്യമായ പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു. പുരാണങ്ങളിലൂടെ മാത്രം കേട്ടരിഞ്ഞിട്ടുള്ള തരം വ്യക്തി പ്രഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാപ്രതിഭകളും, ചിന്തകന്മാരും ആ ധിഷണക്ക് മുന്‍പില്‍ നമ്ര ശിരസ്‌കരായി.
ലോകത്തിലെ ആദ്യത്തെ മിഷനറി മതം ഭാരതത്തിലുദയം ചെയ്ത ബുദ്ധമതമായിരുന്നു. എങ്കിലും വൈദേശിക ആക്രമണങ്ങളുടെ അതിപ്രസരത്താലും, സ്വതവേയുള്ള പ്രചാരണ വൈമുഖ്യത്താലും ഭാരതീയതയുടെ പഠനത്തിനും, പ്രചാരണത്തിനും സംഘടിതമായ ഒരു ശ്രമം പിന്നീടുണ്ടായില്ല. അതേ സമയം ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ജനതതികളെ തന്നെ അപ്പാടെ വിഴുങ്ങിക്കൊണ്ട് വൈദേശിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിക്കുകയും ചെയ്തു.
ശ്രീ രാമകൃഷ്ണമിഷന്‍ എന്ന ആധ്യാത്മിക, സാമൂഹ്യ സേവന സംഘടനയിലൂടെ സ്വാമിജി നമ്മുടെ ആ കുറവ് നികത്തി. കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ ജീവിതങ്ങളിലേക്ക് ഭാരതീയ ആധ്യാത്മികതയുടെ സാന്ത്വനം വാരി വിതറി. അതേ തുടര്‍ന്ന് ആ പാത പിന്തുടരുന്ന അനേകായിരം സംഘടനകളും പ്രവര്‍ത്തനങ്ങളും വേറെയും ഉണ്ടായി വന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ബാബ ആംതെ മുതല്‍ നാനാജി ദേശ്മുഖും, എകനാത് രാനഡെയും വരെയുള്ള മഹാ വൃക്ഷങ്ങള്‍ ആ പ്രവാഹത്താല്‍ നനച്ചു വളര്‍ത്തപ്പെട്ടു.
ദേശീയതയുടെ കണ്ണികള്‍ വളരെ ദുര്‍ബലമായ ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, ഇന്ന് ആ ജന വിഭാഗങ്ങളെ ദേശീയ മുഖ്യ ധാരയിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം സംഘടനകളില്‍ ഒന്ന് വിവേകാനന്ദ കേന്ദ്രമാണെന്നത് ഒരു വസ്തുത മാത്രമാണ്. വിഘടന വാദത്തിലേക്ക് എളുപ്പത്തില്‍ കൂപ്പുകുത്താന്‍ പാകത്തിലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവിടങ്ങളിലെ ജനത, സ്വാമിജിയുടെ നാമത്തില്‍ ഈ ദേശത്തിന്റെ മഹത്തായ സാംസ്‌കാരിക വൈഭവത്തിലേക്കും ദേശീയ ധാരയിലെക്കും പതിയെ നയിക്കപ്പെടുന്നു.
നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളുടെ നേര്‍ക്ക് കണ്ണോടിക്കുന്ന ഒരു സാധാരണ പൌരനു സമൂഹത്തിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ത്യാഗം ചെയ്യാനോ ഉള്ള പ്രചോദനം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സ്വാമിജി സ്വന്തം വ്യക്തി പ്രഭാവത്തിന്റെ സ്വാധീനമൊന്നു കൊണ്ട് മാത്രം എണ്ണമറ്റ ദേശസ്‌നേഹികളെയും, ത്യാഗികളെയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അന്ധ വിശ്വാസങ്ങളുടെയും, രോഗങ്ങളുടെയും, പട്ടിണിയുടെയും നാടെന്ന ധാരണ മാറ്റി ആധ്യാത്മിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയെന്ന് ഭാരതത്തെ ലോകമിന്ന് നോക്കിക്കാണുന്നു.
വര്‍ദ്ധിച്ച ആവേശത്തോടെ യോഗയും, പ്രാണായാമവും, സംസ്‌കൃതവും, ധ്യാനവും പഠിക്കുന്നു. ‘പ്രകൃതിയെ കീഴടക്കാ’ മെന്നോക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ അവകാശ വാദങ്ങള്‍ പാശ്ചാത്യര്‍ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പുറത്തുള്ളത്രയും ആവേശത്തോടെ അകത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെല്ലായിടത്തും കുറച്ചു പേരെങ്കിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.
മതവിശ്വാസിയെയും, ശാസ്ത്രജ്ഞനേയും അദ്ദേഹം ഒരുപോലെ പ്രചോദിപ്പിച്ചു. ശാസ്ത്രവും മതവും രണ്ടു മാര്‍ഗങ്ങളിലൂടെയാനെങ്കിലും സത്യാന്വേഷണം തന്നെയാണ് നടത്തുന്നതെന്ന് ഭാരതീയ തത്വ ചിന്തയുടെ ആഴങ്ങളെ കാട്ടിക്കൊടുത്തു കൊണ്ട് അദ്ദേഹം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. സംന്യാസിയും, ഗൃഹസ്ഥനും, സാമൂഹ്യസേവകനും, സൈനികനുമെല്ലാം തന്റെ സത്തയെ സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തിലാനെന്നു നിരന്തരം ഓര്‍മിപ്പിച്ചു. സൂര്യന് താഴെയുള്ളതെന്തും തങ്ങളുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിരിക്കണം എന്ന മട്ടിലുള്ള പൗരോഹിത്യത്തിന്റെ മൂഢ സങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.
തങ്ങളുടെ ചുറ്റും കെട്ടി പൊക്കിയിരിക്കുന്ന മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു വന്നു ലോകമെമ്പാടും നിന്നുള്ള നന്മകളെ സ്വീകരിക്കുവാനുള്ള വേദങ്ങളുടെ ശരിയായ ആഹ്വാനത്തിലേക്ക് അദ്ദേഹമവരെ മടക്കി വിളിച്ചു. ബ്രഹ്മൈക്യം ലക്ഷ്യമാക്കി പ്രവഹിക്കുന്ന മഹാ പ്രവാഹമാണ് ഈ പ്രാപഞ്ചിക ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും ആ വളര്‍ച്ചയിലെ വ്യക്തി, കുടുംബം, രാഷ്ട്രം എന്നീ പ്രധാന പടികളെ വിസ്മരിക്കാതിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ബ്രഹ്മവാദിയെന്നും യോഗാരൂഢനെന്നും അറിയപ്പെടുമ്പോഴും ‘India’s Ptariotic Saint’ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വാഭാവികമായ അലങ്കാരമായിരുന്നു. 1893 സെപ്തംബര്‍ 11 ആം തിയതി, ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലൂടെ കിഴക്കിന്റെ സന്ദേശം പടിഞ്ഞാറിന്റെ മുന്നിലെത്തിച്ചു.
തുടര്‍ന്ന് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേയ്ക്ക് അനേകായിരം സത്യാന്വേഷികളുടെ ഒരു നിരന്തര പ്രവാഹമാണ് അതുയര്‍ത്തി വിട്ടത്. ഹിമാലയ സാനുക്കളിലെ അപ്രാപ്യമായ ഗുഹാന്തരങ്ങളിലേക്ക് വരെ ആ പ്രവാഹം ഇന്നും വന്നലച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷം, മറ്റൊരു സെപ്തംബര്‍ 11 നു, മറ്റൊരു സംഘം യുവാക്കള്‍ പടിഞ്ഞാറിന്റെ മുന്നിലേക്ക് മറ്റൊരു സന്ദേശം എത്തിച്ചു. മത വിശ്വാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. ഇതും പടിഞ്ഞാറ് നിന്നും കിഴക്കൊട്ടെക്ക് മറ്റൊരു വലിയ മനുഷ്യ പ്രവാഹത്തെ ഉണര്‍ത്തി വിട്ടു. ഇത്തവണ അത് അടിമുടി ആയുധവല്‍ക്കരിക്കപ്പെട്ട സൈനികരുടെ വന്‍ പ്രവാഹമായിരുന്നു.
തീവ്രവാദ കേന്ദ്രങ്ങളെ തേടിയുള്ള ആ സംഘങ്ങള്‍ ഹിമവാന്റെ തന്നെ ഭാഗമായ ഹിന്ദുകുഷ് മലനിരകളിലെ ഗുഹാന്തരങ്ങള്‍ വരെ വീണ്ടുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ഭാരതവും നമ്മുടെ സംസ്‌കാരവും ലോകത്തിന്റെ നിലനില്‍പ്പിനു എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.



സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ഉപയോഗിച്ച കൃഷ്ണശിലാമഞ്ചം ഭാരതീയവിചാരകേന്ദ്രത്തിലെത്തിച്ചപ്പോള്‍



Ref : http://punnyabhumi.com/news-8344

Thursday, January 5, 2012

" വിനായക ദാമോദര സാവര്‍ക്കര്‍ "


" വിനായക ദാമോദര സാവര്‍ക്കര്‍ "

നാസിക്കിനടുത്തുള്ള ഭാഗ്പ്പൂര്‍ ഗ്രാമത്തില്‍ 1883 മെയ്‌ 28 ന് ജനനം 


മാതാപിതാക്കള്‍ :
ദാമോദര്‍പന്ത്  സാവര്‍ക്കര്‍, രാധാഭായി.


വിദ്യാഭ്യാസം :
നാസിക്കിലെ ശിവജി സ്കൂള്‍ ,1902 ല്‍ പൂനയിലെ ഫര്‍ഗൂസന്‍ കോളേജില്‍ ചേര്‍ന്നു.


1899 ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു " മിത്രമേള "  എന്ന സംഘടന രൂപീകരിച്ചു .


ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭഭാഗമായി 1905ല്‍ ദസറ ദിവസം ഭാരതത്തില്‍ ആദ്യമായി വിദേശ വസ്ത്രദഹനം നടത്തി .


1906ല്‍ ഉപരി പഠനാര്‍ത്ഥം ലണ്ടനില്‍ ,താമസം ഇന്ത്യാ ഹൌസില്‍ .ഫ്രീഇന്ത്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1907 മെയ്‌ 10ന് 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അന്‍പതാം വാര്‍ഷികം ഇംഗ്ലണ്ടില്‍ ആഘോഷിച്ചു .


1908ല്‍  1857ലെ   ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ  രചന .


നാസിക് കലക്ട്ടെര്‍ ആയിരുന്ന മി .എ.എം.ടി. ജാക്സന്റെ വധവുമായി ബന്ധപ്പെടുത്തി  1910ല്‍ അറസ്റ്റു വാറണ്ട് .


1910 ജൂലൈ മാസത്തില്‍ അറസ്റ്റ് ചെയ്തു മോറിയോ കപ്പലില്‍ ഇന്ത്യയിലേക്ക്‌ ..,


1910 ജൂലൈ 10 ന് മാര്‍ഗ്ഗമദ്ധ്യേ ഫ്രെഞ്ചു തുറമുഖമായ മാര്സേയില്‍സില്‍ വെച്ച് തടവ്‌ചാടി  ,എങ്കിലും പിടിക്കപ്പെട്ടു .


1911 ജൂലൈ 4ന് ഇരുപത്തിഏഴാമത്തെ വയസ്സില്‍  50 കൊല്ലത്തെ കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ  കുപ്രസിദ്ധമായ കാലാപ്പാനിയിലേക്ക്  അയച്ചു .


1921 മെയ്‌ 2ന് സാവര്‍ക്കരെ ആന്തമാനില്‍ നിന്നും കൊണ്ടുവന്നു .1924 ജനുവരി 6 വരെ രത്നഗിരിയിലും, യര്‍വാഡ ജയിലുകളില്‍ ...


ദേഹവിയോഗം 1966 ഫെബ്രെവരി  27ന് .


V.D. Savarkar
Vinayak Damodar Savarkar (1883-1966)

Thursday, December 29, 2011

ജപ, ധ്യാനങ്ങളുടെ പ്രാധാന്യം


ജപ, ധ്യാനങ്ങളുടെ പ്രാധാന്യം

ജപസാദ്ധ്യതയ്ക്ക്‌ ശ്രദ്ധ അത്യാവശ്യമാണ്‌. തുടക്കത്തില്‍ അതല്‍പം യാന്ത്രികമായാലും സാരമില്ല. എന്നാല്‍ മന്ത്രത്തിന്റെ ശക്തിയില്‍ വിശ്വാസം വേണം. ആരംഭദശയില്‍ ബോധകേന്ദ്രം തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു എന്ന്‌ – മുകളിലേക്ക്‌ പോവുന്നു, താഴേയ്ക്കിറങ്ങുന്നു, എന്നും മറ്റും – സാധകന്‍ കാണുന്നു. ഇതെല്ലാവര്‍ക്കും വളരെ വിഷമകരമായ അവസ്ഥയാണ്‌. തുടക്കത്തിലെ അനുഭവം എന്തുതന്നെയായാലും അത്യന്ത്യം ക്ഷമയോടെ കൃത്യസമയങ്ങളില്‍ ജപം തുടര്‍ന്നുകൊണ്ടുപോകണം. കാലക്രമത്തില്‍ വിജയിക്കാന്‍ ഇതേ വഴിയുള്ളൂ.
ജപ-ധ്യാനങ്ങള്‍ക്ക്‌ ശ്രമിക്കവേ ഒരിക്കലും ഉറക്കത്തില്‍ വീണുപോകരുത്‌. അതും അത്യന്തം ആപത്കരമാണ്‌. നിദ്ര, ഉറക്കം തൂങ്ങല്‍, ധ്യാനം ഇവ ഒരിക്കലും പരസ്പരം ബന്ധപ്പെടുത്തരുത്‌. വല്ലാതെ ഉറക്കം വന്നാല്‍ അത്‌ നിങ്ങുന്നതുവരെ എഴുന്നേറ്റ്‌ ജപിച്ചുകൊണ്ട്‌ മുറിയില്‍ നടക്കുക. മനസ്സ്‌ വല്ലാതെ അസ്വസ്ഥവും ബഹിര്‍മുഖവുമായാല്‍ അതിന്‌ വഴങ്ങാതെ യാന്ത്രികമായിട്ടെങ്കിലും ജപാനുഷ്ഠാനത്തില്‍ മുറുകെ പിടിക്കണം. അങ്ങനെ മനസ്സിന്റെ ഒരു ഭാഗമെങ്കിലും ജപത്തിലുറച്ചുനില്‍ക്കും. അപ്പോള്‍ മനസ്സ്‌ മുഴുവനും അസ്വസ്ഥമാവില്ല.
നിങ്ങളുടെ ഇഷ്ടദേവതയ്ക്ക്‌ നാമമോ മന്ത്രമോ ഓരോ തവണ ജപിക്കുമ്പോഴും നിങ്ങളുടെ ശരീരവും മനസ്സും ഇന്ദ്രിയങ്ങളും പരിശുദ്ധമാവുന്നു എന്ന്‌ ഭാവന ചെയ്യുക. ഈ വിശ്വാസം ദൃഢമായിരിക്കണം. ഒരു വിധത്തില്‍ ജപത്തിന്‌ പിന്നിലുള്ള ആശയം ഇതാണ്‌. ഇഷ്ടദേവതാനാമം നമ്മുടെ നാഡികള്‍ക്കാശ്വാസം നല്‍കുന്നു. മനസ്സിന്‌ ശാന്തി നല്‍കുന്നു. ശരീരത്തില്‍ സാധനയ്ക്ക്‌ സഹായകമായ മാറ്റങ്ങള്‍ വരുത്തുന്നു. മനസ്സിന്‌ വലിയ വലിവോ തളര്‍ച്ചയോ അനുഭവപ്പെടുമ്പോള്‍ ഉടനെ നാമം പതുക്കെ ചൊല്ലാനും ഈശ്വരചിന്ത ചെയ്യാനും തുടങ്ങുക. ഇത്‌ ശരീരത്തിലും മനസ്സിലും സമതുലിതാവസ്ഥയും ഒരു പുതിയ താളക്രമവും കൈവരുന്നതായി ഭാവന ചെയ്യുക. നാഡീവ്യൂഹത്തിന്‌ മുഴുവന്‍ അതെങ്ങനെ സ്വാസ്ഥ്യം കൊടുക്കുന്നു, മനസ്സിന്റെ ബഹിര്‍മുഖത്വം അതെങ്ങനെ കുറച്ചുകൊണ്ടുവരുന്നു. എന്ന്‌ അപ്പോള്‍ വ്യക്തമായും അറിയാന്‍ കഴിയും.
ജപത്തിന്‌ മുന്‍പോ അതോടൊപ്പമോ ക്രമയുക്തമായ പ്രാണായാമവും അഭ്യസിക്കാവുന്നതാണ്‌. ക്രമവും താളവുമൊത്ത ശ്വാസോച്ഛ്വാസ്വം നാഡീവ്യൂഹത്തില്‍ ശാന്തിയും സമതുലിതാവസ്ഥയുമുണ്ടാക്കുന്നു. അത്‌ സാധനയ്ക്ക്‌ വളരെ ഉപകാരപ്രദമാണ്‌. ഇതഭ്യസിക്കുമ്പോള്‍ മനസ്സിന്‌ ചില ശക്തിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. “ഞാന്‍ ശുദ്ധി ഉള്‍ക്കൊള്ളുന്നു, അശുദ്ധിയെ പുറന്തള്ളുന്നു. ഞാന്‍ ബലമുള്‍ക്കൊള്ളുന്നു, ദൗര്‍ബല്യത്തെ പുറന്തള്ളുന്നു. ഞാന്‍ ശാന്തിയുള്‍ക്കൊള്ളുന്നു, അശാന്തിയെ പുറന്തള്ളുന്നു. ഞാന്‍ സ്വാതന്ത്ര്യമുള്‍ക്കൊള്ളുന്നു, പാരതന്ത്ര്യമകറ്റുന്നു.” ജപിക്കുമ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. യഥാര്‍ത്ഥമായ സാധനയ്ക്ക്‌ കളമൊരുക്കാന്‍ അവ വളരെ സഹായകമാണ്‌.ഈശ്വരചിന്ത മനസ്സിലും ശരീരത്തിലും സമരസത്വം ഉളവാക്കുന്നു. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും നിങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ ശുദ്ധി കൈവരുന്നു എന്ന്‌ ഭാവന ചെയ്യുക. ജപത്തിന്റെ ഫലം പെട്ടെന്നറിയാന്‍ പറ്റില്ല, എന്നാല്‍ കുറച്ചുകാലം നിഷ്ഠയോടെ തുടര്‍ന്നാല്‍ അതനുഭവമാവും. കുറച്ചു കൊല്ലങ്ങള്‍ക്കുശേഷം എന്തൊരു മാറ്റമാണ്‌ നിങ്ങളില്‍ വന്നിരിക്കുന്നതെന്ന്‌ കണ്ട്‌ നിങ്ങള്‍ അത്ഭുതപ്പെടും. പരീക്ഷണത്തിന്‌ വലിയൊരവസരം മുന്നില്‍ക്കിടക്കുന്നു. ഈ ശരീരത്തിലെ സ്പന്ദനങ്ങള്‍ ക്രമീകരിച്ച്‌ ഒരു താളത്തിലെത്തിക്കണം, അതുപോലെ തന്നെ സിരാമണ്ഡലവും. അഭ്യാസം കൊണ്ട്‌ ശരീരം, മനസ്സ്‌, ശ്വാസം, എല്ലാം താളനിബദ്ധമാക്കണം. അപ്പോള്‍ സാധനയ്ക്കും ധ്യാനത്തിനും, മനസ്സ്‌ തയ്യാറാകും.
സാധാരണയായി എല്ലാ വിഷമമാണ്‌. ധ്യാനിക്കുന്നത്‌ വിഷമം, മനോനിയന്ത്രണം വിഷമം, ഭാവന ചെയ്യുന്നത്‌ വിഷമം. ശരിയായി ചെയ്യണമെങ്കില്‍ ജപവും വിഷമം തന്നെ. – അല്‍പം കുറവാണെന്ന്‌ മാത്രം. അതുകൊണ്ട്‌ പുതിയ ശക്തി സമ്പാദിക്കണം. അതിന്‌ മേല്‍പറഞ്ഞപ്രകാരം മനസ്സിന്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ വളരെ നല്ലതാണ്‌. ശബ്ദത്തിന്റെയും മന്ത്രങ്ങളുടെയും മഹാശക്തി ഉപയോഗിക്കുക. പവിത്രനാമം, പവിത്രമന്ത്രം നിങ്ങളെ ശുദ്ധീകരിച്ച്‌ ഉയര്‍ത്തുന്നത്‌ ഭാവന ചെയ്യണം. ക്രമനിബദ്ധമായ നാമജപമാണ്‌ ആരംഭത്തില്‍ സാധകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സാധനയെന്ന്‌ നിങ്ങള്‍ക്കുതന്നെ കാലംകൊണ്ട്‌ കാണാനാവും.
സര്‍വ്വദാ മന്ത്രസഹായം തേടുക; ശബ്ദവും ചിന്തയും പരസ്പരം ബന്ധപ്പെട്ടവയാണ്‌. ചിന്തകള്‍ വിവിധ ശബ്ദങ്ങളായി പ്രകടമാവുന്നു. ഈശ്വരനെന്ന ആശയം വിവിധ ദിവ്യനാമങ്ങളിലൂടെ പ്രകടമാവുന്നു. ആ ആശയവും ശബ്ദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അതുകൊണ്ടാണ്‌ നാം സാധനയില്‍ ശബ്ദത്തെ ഉപയോഗിക്കുന്നത്‌. ശബ്ദത്തിന്റെ സഹായത്തോടെ ഈശ്വരചിന്ത ഉണര്‍ത്തുന്നതെളുപ്പമാണ്‌. മന്ത്രത്തില്‍നിന്ന്‌ അതിന്റെ പിന്നിലുള്ള ആശയത്തിലേക്ക്‌ നീങ്ങാന്‍ ശ്രദ്ധിക്കണം; അല്ലെങ്കില്‍ ശബ്ദംകൊണ്ട്‌ പ്രയോജനമില്ല. ആദ്യം ബാഹ്യപൂജ; പിന്നെ എല്ലാവരും ചെയ്യേണ്ട സാധനയാണ്‌ ജപധ്യാനങ്ങള്‍; അവസാനം ഈശ്വരാനുഭൂതി കൈവരുന്നു; അത്‌ കണ്ണടച്ചിരിക്കെയാവാം, തുറന്നിരിക്കേയുമാവാം. ഇതാണേറ്റവും ഉയര്‍ന്ന അവസ്ഥ; എന്നാലത്‌ അതിന്‌ മുന്‍പിലുള്ള അവസ്ഥകളിലൂടെയെല്ലാം പരിപാടിയായി കടന്നാലേ പ്രാപിക്കാനാവൂ.
മന്ത്രവും ഈശ്വരചിന്തയും തമ്മില്‍ ഒരു നിശ്ചിതബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക; മന്ത്രമുച്ചരിച്ചാലുടനെ ഈശ്വരചിന്ത പൊന്തിവരണം. ഒരു ടൈപ്‌റൈറ്റര്‍യന്ത്രത്തില്‍ ഒരു ‘കീ’ അമര്‍ത്തിയാലുടനെ ആ അക്ഷരം കടലാസില്‍ പതിയുന്നതുപോലെ മന്ത്രമുച്ചരിച്ചാലുടനെ മന്ത്രദേവത മനസ്സില്‍ സ്ഫുരിച്ച്‌ നിങ്ങളുടെ സഹായത്തിനെത്തണം. എന്നാലിതിന്‌ നിത്യേനയുള്ള അഭ്യാസം കൊണ്ട്‌ അവ രണ്ടും തമ്മില്‍ വളരെ നിശ്ചിതമായൊരു ബന്ധം സ്ഥാപിക്കണം.
മനസ്സിലൊരു വലിയ കൊടുംകാറ്റ്‌ പൊന്തി നിങ്ങളെ തട്ടി വീഴ്ത്തുമെന്ന്‌ തോന്നിയാലും ജപം തുടര്‍ന്നുകൊണ്ട്‌ പോവുക. വേണമെങ്കില്‍ ഉറക്കെ, അല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കാന്‍ തക്കവണ്ണം മന്ത്രം ജപിക്കുക. പലപ്പോഴും മനസ്സ്‌ വളരെ അസ്വസ്ഥമായിരിക്കെ നിശബ്ദമായ മാനസജപം പോരാ. കേള്‍ക്കാവുന്ന ശബ്ദം അലയുന്ന മനസ്സിനെ നിയന്ത്രിക്കുന്നു. നാമൊരിക്കലും ശബ്ദസ്പന്ദനങ്ങളുടെ പ്രഭാവം കുറവാണെന്ന്‌ വിചാരിക്കരുത്‌. നമ്മുടെ മനസ്സാകെ, ശരീരംകൂടി ക്രമാകൃതമായ മന്ത്രജപത്തിന്‌ കഴിപ്പെടുന്നു. ജപം മനസ്സിനെ ശാന്തമാക്കി ഉയര്‍ത്തി ഏകാഗ്രമാക്കുന്നു. ചിലര്‍ മണിക്കൂറുകളോളം ഉറക്കെ ജപിക്കുകയും അതില്‍ നിന്ന്‌ വളരെ ആദ്ധ്യാത്മലാഭം നേടുകയും ചെയ്യുന്നു. നിശബ്ദമായി മന്ത്രം മനസ്സില്‍ ജപിക്കുന്നതുകൊണ്ടും അതേ ഫലമുണ്ടാകും.

-യതീശ്വരാനന്ദസ്വാമികള്‍

Tuesday, December 20, 2011

ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം –

ഭഗവദ് ഗീതയെ 
ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം
"The Bhagavad-Gita is a true scripture of the human race,
a living creation rather than a book,
with a new message for every age and a new meaning for every civilization."

~ Rishi Aurobindo

ഭഗവദ്ഗീതക്കെതിരെ റഷ്യയില്‍ കേസ്‌

 
മോസ്കോ: ഭഗവത്ഗീത റഷ്യയില്‍ തീവ്രവാദികളുടെ സാഹിത്യമായി കണക്കാക്കി നിരോധിക്കണമോ എന്ന കാര്യം സൈബീരിയയിലെ ടോമാക്‌ കോടതിയുടെ പരിഗണനയിലാണ്‌. ഇതുസംബന്ധിച്ച വിധി നാളെ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കോടതിയില്‍ കേസ്‌ നടന്നുവരികയാണ്‌.
എസി ഭക്തിവേദാന്തസ്വാമി പ്രഭുപാദയുടെ ‘ഭഗവദ്ഗീത അതുപോലെ’ എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ വിവര്‍ത്തനമാണ്‌ കോടതി പരിശോധിക്കുന്നത്‌.
സ്വാമി കൃഷ്ണനെക്കുറിച്ച്‌ അറിയുന്നതിനുള്ള അന്തര്‍ദേശീയ സൊസൈറ്റിയുടെ സ്ഥാപകനാണ്‌.

സാമൂഹ്യതിന്മകള്‍ ഉണ്ടാകുന്ന ഒരു ഗ്രന്ഥമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടാല്‍ അതിന്റെ റഷ്യയിലെ വിതരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കും.
 

ഭഗവദ് ഗീത: റഷ്യ ഖേദം പ്രകടിപ്പിച്ചു

 
മോസ്കോ: സൈബീരിയയില്‍ ഭഗവദ് ഗീതയ്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീത പോലുളള വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടി വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു.

ടോംസ്ക് പോലെ മതസൗഹാര്‍ദത്തിനു പേരുകേട്ട പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണ് സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.

ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.

ഹര്‍ജിയില്‍ വിധി പറയുന്നതു റഷ്യന്‍ കോടതി 28ലേക്കു മാറ്റിയിരിക്കുകയാണ്. റഷ്യയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന മോസ്കോയിലെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെയും വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്ന് ഇസ്കോണ്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.

ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം – ബി.ജെ.പി

ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഗ്രന്ഥത്തിനു റഷ്യയില്‍ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചതു കൊണ്ടു മാത്രം പ്രശ്നം തീരില്ലെന്നു ഇന്ത്യയുടെ  ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഗീതയെ ദേശീയ ഗ്രന്ഥമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഷേധം റഷ്യയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ സഭയില്‍ പറഞ്ഞു.
 

തടവറകളില്‍  ഗീതാധ്വനികള്‍

 
തൃശൂര്‍ : സംസ്ഥാനത്തെ തടവറകളില്‍  ഗീതാപാരായണത്തിന്റെ ധ്വനികള്‍ .....,
ക്രൗര്യമനസിന്റെ ചിന്തകളില്‍ ചെയ്ത പാപങ്ങളുടെയും ക്രൂരതകളെയും മറക്കാനും പശ്ചാത്തപിക്കാനും പുതിയ ജീവിതത്തിലേക്ക്‌ നയിക്കാനുമുള്ള പ്രേരണയാകുന്നതിന്‌ വേണ്ടി ഭഗവത്‌ ഗീതാ പഠനം ആരംഭിച്ചത്‌. ഇതിന്‌ തുടക്കമിട്ട്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ .....,

സെന്‍ട്രല്‍ ജയിലുകളിലായിരിക്കും ആദ്യഘട്ടം ഭഗവത്ഗീതാ പഠന പദ്ധതി .
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഗീതാപഠനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്കോണ്‍ ഇന്ത്യയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഗീതാ പഠനത്തിന്‌ താത്പര്യമുള്ളവര്‍ക്ക്‌ മാത്രമേ അറിവ്‌ പകര്‍ന്നു നല്‍കുകയുള്ളൂ. വ്യാഖ്യാനം കൂടി ഹൃദിസ്ഥമാക്കുന്നതിനാല്‍ പദ്ധതി ഗുണം ചെയ്യുമെന്നാണ്‌ ജയില്‍ അധികൃതരുടെ പ്രതീക്ഷ.
ഗീതാ പഠനത്തിന്‌ ഭാഷ തടസ്സമാവില്ല. ഏതു ഭാഷക്കാരനും ഗീത പഠിക്കാന്‍ സാധിക്കും . മലയാളം , തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌, തെലുങ്ക്‌, കന്നട, ബംഗാളി, ഫ്രഞ്ച്‌ എന്നീ എട്ടു ഭാഷകളില്‍ തയ്യാറാക്കിയ ഭഗവത്ഗീത ജയില്‍ ലൈബ്രറിയില്‍ എത്തിച്ചിട്ടുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇസ്കോണ്‍ ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഭീമാ ദാസ്‌, ജയിലര്‍ നിര്‍മ്മലാനന്ദന്‍ നായര്‍, ജയില്‍ നോഡല്‍ ഓഫീസര്‍ കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗീതാസന്ദേശങ്ങളിലൂടെ..

 
ആസുരീക സ്വഭാവമുള്ളവര്‍ക്ക്‌ ശരിയേത്‌ തെറ്റേതെന്നറിയാനുള്ള ആഗ്രഹം പോലുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മനസ്സും ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കില്ല. അവര്‍ പ്രഖ്യാപിക്കും: ഈ ലോകത്തില്‍ സത്യം ധര്‍മം എന്നൊന്നില്ല, എല്ലാം വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ (അപരസ്പര സംഭൂതം) നിന്നുടലെടുത്തതായതിനാല്‍ അത്തരത്തിലെല്ലാത്തിനേയും വിവരിക്കാം. അവര്‍ പറയും മനുഷ്യനും മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ്‌ ഈ ലോകത്തിന്റെ ആധാരം. അതല്ലാതെ മേറ്റ്ന്താണ്‌? ജനതയുടെ നിലനില്‍പ്പിന്നാധാരമെന്ന്‌. സ്ത്രീ പുരുഷ സംയോഗത്തില്‍ ജനനം നടക്കുന്നു. അതില്‍ ദൈവീകമായിട്ടൊന്നുമില്ല എന്നും ! ഇവരാണ്‌ താമസ(താമസീക) സ്വഭാവമുള്ളവര്‍.

ആസുര സ്വഭാവദോഷമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ക്കിടമകളായിരിക്കും,  മുദ്രാവാക്യങ്ങളില്‍ എല്ലാം നിറയ്ക്കും. അജ്ഞതയാണ്‌ ജ്ഞാനമെന്ന്‌ മറ്റുള്ളവരെ ധരിപ്പിക്കും. ഈ ലോകത്തില്‍ അത്തരത്തിലുള്ള ധാരാളം പേരുണ്ട്‌. അഹംഭാവവും തന്റേടവും സ്വാര്‍ത്ഥ താല്‍പര്യവുമല്ലാതെ അവര്‍ക്ക്‌ മറ്റൊന്നുമുണ്ടാകില്ല.അവരുടെ വിശ്വാസം മാത്രം ശരിയെന്നവര്‍ വാദിക്കും. സുഖമാണ്‌ പരമമായ ലക്ഷ്യമെന്നവര്‍ തെളിയിക്കാന്‍ ശ്രമിച്ച്‌ മരിക്കും വരെ ഈ അജ്ഞതയില്‍ ജീവിക്കും. എല്ലാ കാര്യത്തിലും അവര്‍ ഇടപെടും, അതിയായ ആഗ്രഹവും പ്രതീക്ഷയും എല്ലാവരിലും നിറയ്ക്കും. ദേഷ്യവും വാശിയും അവരുടെ കൂടെപ്പിറപ്പായിരിക്കും, ഏത്‌ നീച പ്രവൃത്തിയും ചെയ്യും, പണവും ആഡംബരങ്ങളും കൊണ്ട്‌ സുഖം കണ്ടെത്താമെന്നവര്‍ വാദിക്കും, ഇത്രയും ഞാനുണ്ടാക്കിയതാണ്‌, ഇന്ന്‌ ഇത്രയുണ്ടാക്കി, ഇനിയും ഞാന്‍ നേടും ഇത്രയും സ്വത്തിന്റെ അധിപനാണ്‌ ഞാന്‍, ഇനിയുമെനിക്കിത്രയും കൂടി ഉണ്ടാക്കാന്‍ സാധിക്കും, അവനെ ഞാന്‍ ശരിയാക്കും, അവന്റെ കഥ ഞാനവസാനിപ്പിക്കും, എന്നെ അവന്‍ മനസ്സിലാക്കിയിട്ടില്ല, ഞാനാരാണെന്നവനെ പഠിപ്പിക്കും, എന്റെ ശക്തിയവനെ ഞാന്‍ അറിയിക്കും, ഞാനെന്റെ കഴിവുകൊണ്ടാണ്‌ സന്തോഷിക്കുന്നതും സുഖിക്കുന്നതും, ഞാന്‍ സമ്പന്നനാണ്‌, എനിക്ക്‌ വേണ്ടപ്പെട്ടവര്‍ ധാരാളമുണ്ട്‌, എന്നെപ്പോലെ മറ്റൊരാളെക്കാണിച്ചുതാ, ഈശ്വരന്‍ എന്റെ കൂടെയാ, ഞാനവന്‌ വേണ്ടതുകൊടുക്കും,എല്ലാവരേയും എന്റെ കൂടെയാക്കാനെനിക്ക്‌ കഴിയും എന്നീ പ്രകാരമുള്ള അജ്ഞതയും അതിമോഹവും ഇന്ദ്രിയസുഖത്തിനുള്ള പരക്കം പാച്ചിലും പലതരം ചിന്തകളും കൊണ്ട്‌ അന്ത്യത്തില്‍ അവര്‍ അഗാധ ഗര്‍ത്തത്തില്‍ പതിക്കും.



"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... 
സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. 
അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. 
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ  പുഞ്ചിരിക്കുവാനാരംഭിക്കും. 
എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. 
ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, 
അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
-മഹാത്മ ഗാന്ധി .