Pages

Thursday, August 11, 2011

തളിപ്പറമ്പില്‍ ശിവക്ഷേത്രം


തളിപ്പറമ്പില്‍ ശിവക്ഷേത്രം

ഏഴാം നൂറ്റാണ്ടില്‍ വളരെ പ്രശസ്തിയോടെ നിറഞ്ഞ് നിന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു തളിപ്പറമ്പില്‍ ശിവക്ഷേത്രം. ചിറക്കല്‍ കോവിലകത്ത് നിന്ന് ഉള്ളൂര്‍ കണ്ടെടുത്ത “ചെല്ലൂര്‍പിരാന്‍സ്തുതി”യിലും ഭാഷാ ചമ്പുക്കളില്‍ പ്രസിദ്ധമായ ചെല്ലുര്‍നാഥോദയത്തിലും തളിപ്പറമ്പില്‍ ക്ഷേത്രത്തില്‍ പ്രശസ്തി പരാമര്‍ശിക്കുന്നുണ്ട്.
ഊരായ്മ ക്ഷേത്രമായ തളിപ്പറമ്പ് ശിവക്ഷേത്രം ഇന്ന് ട്രസ്റ്റിയുടെ ഭരണത്തിലാണ്. ക്ഷേത്രത്തിന് ധാരാ‍ളം ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ഭരണകര്‍ത്താക്കളായ നമ്പൂതിരിമാരുടെ കിടമത്സരവും അഴിമതിയും കാരണം എല്ലാം നശിച്ചു. തളിപ്പറമ്പില്‍ ദേവനെ ദേവന്മാരും തമ്പുരാക്കന്മാരും ഒരുപോലെ വന്ദിച്ചു പൂജിക്കുന്നതിനാല്‍ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ ആ ദേവന് ഒരേ സമയം കഴിയുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
വൈകുന്നേരത്തെ പൂജ കഴിഞ്ഞ ശേഷം ഭഗവാന്‍ പാര്‍വ്വതീസമേതനായി വിരാജിക്കുമ്പോള്‍ മാത്രമേ ഇവിടെ സ്ത്രീകള്‍ കയറി തൊഴാറുള്ളൂ. ഐശ്വര്യത്തിനും ദീര്‍ഘകാലം സുമംഗലികളായി തീരാനും ഭഗവന്റെ ദര്‍ശനം കൊണ്ട് കഴിയുമെന്നാണ് സ്ത്രീകളുടെ വിശ്വാസം. സാമാന്യം ഉയര്‍ന്ന പീഠത്തില്‍ ഏകദേശം മൂന്നടി ഉയരമുള്ള ശിവലിംഗമാണ് ശ്രീകോവിലിലുള്ളത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തൃക്കണ്ണും തിരുനാസികയും ചന്ദ്രക്കലയും പതിച്ച പ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. ഇടതുവശത്ത് സുബ്രഹ്മണ്യനെയും വലതുഭാഗത്ത് ഗണപതിയെയും പ്രതിഷ്ടിച്ചിട്ടുണ്ട്.
മുചുകുന്ദന്‍, മാന്ധാതാവ് എന്നീ രാജര്‍ഷികള്‍ പരമശിവനെ പൂജിച്ചിരുന്നത് തളിപ്പറമ്പിലായിരുന്നുവെന്നാണ് ഐതീഹ്യം. അവര്‍ ഇവിടത്തെ ശിവലിംഗമാണ് പൂജകള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ രാജര്‍ഷികള്‍ ശിവപ്രീതി നേടി സായൂജ്യം പ്രാപിച്ചപ്പോള്‍ ശിവലിംഗം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്നു. പിന്നീട് ഭക്തനാ‍യ ശതസോമരാജര്‍ഷി പരമശിവനെ ആരാധിക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകാന്‍ വേണ്ടി ആ സ്ഥാനത്ത് പുതിയ ശിവലിംഗം സ്ഥാപിച്ചുവത്രെ.
ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ ചിറക്കല്‍ തമ്പുരാക്കന്മാരാണ്. നാടുനീളെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ കാലത്തുപോലും ക്ഷേത്രഭരണം രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ടാണത്രെ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ഭക്തര്‍ കയറില്ലെന്ന് ശഠിക്കുന്ന ഐതീഹ്യം പ്രചരിച്ചത്. ഇതിന് മറ്റൊരു കഥയും പറയുന്നുണ്ട്. വനവാസക്കാലത്ത് ശ്രീരാമന്‍ ക്ഷേത്രത്തിലെ പരമശിവനെ പൂജിച്ചിരുന്നുവെന്നും, ക്ഷത്രിയന്‍ പൂജിക്കുന്ന ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ബ്രാഹ്മണര്‍ കയറിക്കൂടെന്ന് വിധിച്ച് പ്രിന്മാറിയതാണെന്നും പറയുന്നു. ഏതായാലും ഇന്നും ഈ പതിവ് തുടരുന്നുണ്ട്.

No comments: