തിരുവമ്പാടി ക്ഷേത്രം
തൃശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠാമൂര്‍ത്തി ഉണ്ണിക്കൃഷ്ണനായും പാര്‍ഥസാരഥിയായും സങ്കല്പിക്കപ്പെടുന്നു. ശ്രീകൃഷ്ണക്ഷേത്രമാണെങ്കിലും ഇവിടത്തെ ഭഗവതി പ്രതിഷ്ഠയ്ക്കും വളരെയധികം പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്.
പണ്ട് ഇതൊരു ഭദ്രകാളിക്ഷേത്രമായിരുന്നുവെന്നും ശ്രീകൃഷ്ണ പ്രതിഷ്ഠ പിന്നീടുണ്ടായതാണെന്നും വിശ്വാസമുണ്ട്. ഗുരുവായൂരിനടുത്ത് എടക്കളത്തൂരിലായിരുന്നു ഈ ശ്രീകൃഷ്ണ പ്രതിഷ്ഠ എന്നും, അവിടെ കലാപമുണ്ടായപ്പോള്‍ ദേശക്കാര്‍ ക്ഷേത്രത്തിലെ വിഗ്രഹം തൃശൂരിലെ കാച്ചാനപ്പള്ളിമനയില്‍ ഏല്പിക്കുകയും അത് മനപ്പറമ്പില്‍ തന്നെ പ്രതിഷ്ഠിക്കപ്പെടുകയുമാണുണ്ടായത് എന്നും കരുതപ്പെടുന്നു.
കാച്ചാനപ്പള്ളിമനയിലെ ഒരു തൂണില്‍ ആവാഹിച്ച് പൂജിച്ചിരുന്നതാണ് ഇവിടത്തെ ഉപദേവതയായ ഭഗവതി എന്നും ഐതിഹ്യമുണ്ട്. ഭഗവതിക്കു പുറമേ ഗണപതി, ഘണ്ടാകര്‍ണന്‍, യക്ഷി, അയ്യപ്പന്‍, രക്തേശ്വരി എന്നീ ഉപദേവതകളുമുണ്ട്.
ഗുരുവായൂര്‍ ഉത്സവദിവസമാണ് ഇവിടെയും കൊടിയേറ്റം. ഉപ ദേവതയായ ഭഗവതിക്ക് ഉത്സവം കൊടിയേറുന്നത് മേടത്തിലെ മകയിരം നാളിലാണ്. പൂങ്കുന്നം, വടക്കെ അങ്ങാടി, ചിറയ്ക്കല്‍ എന്നീ മൂന്നു ദേശങ്ങളിലെ നായന്മാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥത. അവര്‍ നിര്‍ദേശിക്കുന്ന കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ തിരുവമ്പാടി ക്ഷേത്രം പ്രധാന പങ്കു വഹിക്കുന്നു. പൂരത്തിന് ഇവിടെ നിന്ന് ഭഗവതിയുടെ തിടമ്പും ശ്രീകൃഷ്ണന്റെ കോലവും എഴുന്നള്ളിക്കുന്നു. തിരുവമ്പാടി പൂരത്തിനവതരിപ്പിക്കുന്ന പഞ്ചവാദ്യം അതിപ്രശസ്തമാണ്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ഇതേ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ഇവിടെ ശ്രീകൃഷ്ണനും ശിവനും ആണ് പ്രധാന മൂര്‍ത്തികള്‍.
No comments:
Post a Comment