ജപ, ധ്യാനങ്ങളുടെ പ്രാധാന്യം
ജപസാദ്ധ്യതയ്ക്ക് ശ്രദ്ധ അത്യാവശ്യമാണ്. തുടക്കത്തില്‍ അതല്പം യാന്ത്രികമായാലും സാരമില്ല. എന്നാല്‍ മന്ത്രത്തിന്റെ ശക്തിയില്‍ വിശ്വാസം വേണം. ആരംഭദശയില്‍ ബോധകേന്ദ്രം തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് – മുകളിലേക്ക് പോവുന്നു, താഴേയ്ക്കിറങ്ങുന്നു, എന്നും മറ്റും – സാധകന് കാണുന്നു. ഇതെല്ലാവര്‍ക്കും വളരെ വിഷമകരമായ അവസ്ഥയാണ്. തുടക്കത്തിലെ അനുഭവം എന്തുതന്നെയായാലും അത്യന്ത്യം ക്ഷമയോടെ കൃത്യസമയങ്ങളില്‍ ജപം തുടര്‍ന്നുകൊണ്ടുപോകണം. കാലക്രമത്തില്‍ വിജയിക്കാന്‍ ഇതേ വഴിയുള്ളൂ.ജപ-ധ്യാനങ്ങള്‍ക്ക് ശ്രമിക്കവേ ഒരിക്കലും ഉറക്കത്തില്‍ വീണുപോകരുത്. അതും അത്യന്തം ആപത്കരമാണ്. നിദ്ര, ഉറക്കം തൂങ്ങല്‍, ധ്യാനം ഇവ ഒരിക്കലും പരസ്പരം ബന്ധപ്പെടുത്തരുത്. വല്ലാതെ ഉറക്കം വന്നാല്‍ അത് നിങ്ങുന്നതുവരെ എഴുന്നേറ്റ് ജപിച്ചുകൊണ്ട് മുറിയില്‍ നടക്കുക. മനസ്സ് വല്ലാതെ അസ്വസ്ഥവും ബഹിര്‍മുഖവുമായാല്‍ അതിന് വഴങ്ങാതെ യാന്ത്രികമായിട്ടെങ്കിലും ജപാനുഷ്ഠാനത്തില്‍ മുറുകെ പിടിക്കണം. അങ്ങനെ മനസ്സിന്റെ ഒരു ഭാഗമെങ്കിലും ജപത്തിലുറച്ചുനില്‍ക്കും. അപ്പോള്‍ മനസ്സ് മുഴുവനും അസ്വസ്ഥമാവില്ല.
നിങ്ങളുടെ ഇഷ്ടദേവതയ്ക്ക് നാമമോ മന്ത്രമോ ഓരോ തവണ ജപിക്കുമ്പോഴും നിങ്ങളുടെ ശരീരവും മനസ്സും ഇന്ദ്രിയങ്ങളും പരിശുദ്ധമാവുന്നു എന്ന് ഭാവന ചെയ്യുക. ഈ വിശ്വാസം ദൃഢമായിരിക്കണം. ഒരു വിധത്തില്‍ ജപത്തിന് പിന്നിലുള്ള ആശയം ഇതാണ്. ഇഷ്ടദേവതാനാമം നമ്മുടെ നാഡികള്‍ക്കാശ്വാസം നല്കുന്നു. മനസ്സിന് ശാന്തി നല്കുന്നു. ശരീരത്തില്‍ സാധനയ്ക്ക് സഹായകമായ മാറ്റങ്ങള്‍ വരുത്തുന്നു. മനസ്സിന് വലിയ വലിവോ തളര്‍ച്ചയോ അനുഭവപ്പെടുമ്പോള്‍ ഉടനെ നാമം പതുക്കെ ചൊല്ലാനും ഈശ്വരചിന്ത ചെയ്യാനും തുടങ്ങുക. ഇത് ശരീരത്തിലും മനസ്സിലും സമതുലിതാവസ്ഥയും ഒരു പുതിയ താളക്രമവും കൈവരുന്നതായി ഭാവന ചെയ്യുക. നാഡീവ്യൂഹത്തിന് മുഴുവന്‍ അതെങ്ങനെ സ്വാസ്ഥ്യം കൊടുക്കുന്നു, മനസ്സിന്റെ ബഹിര്‍മുഖത്വം അതെങ്ങനെ കുറച്ചുകൊണ്ടുവരുന്നു. എന്ന് അപ്പോള്‍ വ്യക്തമായും അറിയാന്‍ കഴിയും.
ജപത്തിന് മുന്‍പോ അതോടൊപ്പമോ ക്രമയുക്തമായ പ്രാണായാമവും അഭ്യസിക്കാവുന്നതാണ്. ക്രമവും താളവുമൊത്ത ശ്വാസോച്ഛ്വാസ്വം നാഡീവ്യൂഹത്തില്‍ ശാന്തിയും സമതുലിതാവസ്ഥയുമുണ്ടാക്കുന്നു. അത് സാധനയ്ക്ക് വളരെ ഉപകാരപ്രദമാണ്. ഇതഭ്യസിക്കുമ്പോള്‍ മനസ്സിന് ചില ശക്തിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. “ഞാന്‍ ശുദ്ധി ഉള്‍ക്കൊള്ളുന്നു, അശുദ്ധിയെ പുറന്തള്ളുന്നു. ഞാന്‍ ബലമുള്‍ക്കൊള്ളുന്നു, ദൗര്‍ബല്യത്തെ പുറന്തള്ളുന്നു. ഞാന്‍ ശാന്തിയുള്‍ക്കൊള്ളുന്നു, അശാന്തിയെ പുറന്തള്ളുന്നു. ഞാന്‍ സ്വാതന്ത്ര്യമുള്‍ക്കൊള്ളുന്നു, പാരതന്ത്ര്യമകറ്റുന്നു.” ജപിക്കുമ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. യഥാര്‍ത്ഥമായ സാധനയ്ക്ക് കളമൊരുക്കാന്‍ അവ വളരെ സഹായകമാണ്.ഈശ്വരചിന്ത മനസ്സിലും ശരീരത്തിലും സമരസത്വം ഉളവാക്കുന്നു. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ശുദ്ധി കൈവരുന്നു എന്ന് ഭാവന ചെയ്യുക. ജപത്തിന്റെ ഫലം പെട്ടെന്നറിയാന്‍ പറ്റില്ല, എന്നാല്‍ കുറച്ചുകാലം നിഷ്ഠയോടെ തുടര്‍ന്നാല്‍ അതനുഭവമാവും. കുറച്ചു കൊല്ലങ്ങള്‍ക്കുശേഷം എന്തൊരു മാറ്റമാണ് നിങ്ങളില്‍ വന്നിരിക്കുന്നതെന്ന് കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും. പരീക്ഷണത്തിന് വലിയൊരവസരം മുന്നില്‍ക്കിടക്കുന്നു. ഈ ശരീരത്തിലെ സ്പന്ദനങ്ങള്‍ ക്രമീകരിച്ച് ഒരു താളത്തിലെത്തിക്കണം, അതുപോലെ തന്നെ സിരാമണ്ഡലവും. അഭ്യാസം കൊണ്ട് ശരീരം, മനസ്സ്, ശ്വാസം, എല്ലാം താളനിബദ്ധമാക്കണം. അപ്പോള്‍ സാധനയ്ക്കും ധ്യാനത്തിനും, മനസ്സ് തയ്യാറാകും.
സാധാരണയായി എല്ലാ വിഷമമാണ്. ധ്യാനിക്കുന്നത് വിഷമം, മനോനിയന്ത്രണം വിഷമം, ഭാവന ചെയ്യുന്നത് വിഷമം. ശരിയായി ചെയ്യണമെങ്കില്‍ ജപവും വിഷമം തന്നെ. – അല്പം കുറവാണെന്ന് മാത്രം. അതുകൊണ്ട് പുതിയ ശക്തി സമ്പാദിക്കണം. അതിന് മേല്പറഞ്ഞപ്രകാരം മനസ്സിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വളരെ നല്ലതാണ്. ശബ്ദത്തിന്റെയും മന്ത്രങ്ങളുടെയും മഹാശക്തി ഉപയോഗിക്കുക. പവിത്രനാമം, പവിത്രമന്ത്രം നിങ്ങളെ ശുദ്ധീകരിച്ച് ഉയര്‍ത്തുന്നത് ഭാവന ചെയ്യണം. ക്രമനിബദ്ധമായ നാമജപമാണ് ആരംഭത്തില്‍ സാധകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സാധനയെന്ന് നിങ്ങള്‍ക്കുതന്നെ കാലംകൊണ്ട് കാണാനാവും.
സര്‍വ്വദാ മന്ത്രസഹായം തേടുക; ശബ്ദവും ചിന്തയും പരസ്പരം ബന്ധപ്പെട്ടവയാണ്. ചിന്തകള്‍ വിവിധ ശബ്ദങ്ങളായി പ്രകടമാവുന്നു. ഈശ്വരനെന്ന ആശയം വിവിധ ദിവ്യനാമങ്ങളിലൂടെ പ്രകടമാവുന്നു. ആ ആശയവും ശബ്ദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് നാം സാധനയില്‍ ശബ്ദത്തെ ഉപയോഗിക്കുന്നത്. ശബ്ദത്തിന്റെ സഹായത്തോടെ ഈശ്വരചിന്ത ഉണര്‍ത്തുന്നതെളുപ്പമാണ്. മന്ത്രത്തില്‍നിന്ന് അതിന്റെ പിന്നിലുള്ള ആശയത്തിലേക്ക് നീങ്ങാന്‍ ശ്രദ്ധിക്കണം; അല്ലെങ്കില്‍ ശബ്ദംകൊണ്ട് പ്രയോജനമില്ല. ആദ്യം ബാഹ്യപൂജ; പിന്നെ എല്ലാവരും ചെയ്യേണ്ട സാധനയാണ് ജപധ്യാനങ്ങള്‍; അവസാനം ഈശ്വരാനുഭൂതി കൈവരുന്നു; അത് കണ്ണടച്ചിരിക്കെയാവാം, തുറന്നിരിക്കേയുമാവാം. ഇതാണേറ്റവും ഉയര്‍ന്ന അവസ്ഥ; എന്നാലത് അതിന് മുന്‍പിലുള്ള അവസ്ഥകളിലൂടെയെല്ലാം പരിപാടിയായി കടന്നാലേ പ്രാപിക്കാനാവൂ.
മന്ത്രവും ഈശ്വരചിന്തയും തമ്മില്‍ ഒരു നിശ്ചിതബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക; മന്ത്രമുച്ചരിച്ചാലുടനെ ഈശ്വരചിന്ത പൊന്തിവരണം. ഒരു ടൈപ്റൈറ്റര്‍യന്ത്രത്തില്‍ ഒരു ‘കീ’ അമര്‍ത്തിയാലുടനെ ആ അക്ഷരം കടലാസില്‍ പതിയുന്നതുപോലെ മന്ത്രമുച്ചരിച്ചാലുടനെ മന്ത്രദേവത മനസ്സില്‍ സ്ഫുരിച്ച് നിങ്ങളുടെ സഹായത്തിനെത്തണം. എന്നാലിതിന് നിത്യേനയുള്ള അഭ്യാസം കൊണ്ട് അവ രണ്ടും തമ്മില്‍ വളരെ നിശ്ചിതമായൊരു ബന്ധം സ്ഥാപിക്കണം.
മനസ്സിലൊരു വലിയ കൊടുംകാറ്റ് പൊന്തി നിങ്ങളെ തട്ടി വീഴ്ത്തുമെന്ന് തോന്നിയാലും ജപം തുടര്‍ന്നുകൊണ്ട് പോവുക. വേണമെങ്കില്‍ ഉറക്കെ, അല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കാന്‍ തക്കവണ്ണം മന്ത്രം ജപിക്കുക. പലപ്പോഴും മനസ്സ് വളരെ അസ്വസ്ഥമായിരിക്കെ നിശബ്ദമായ മാനസജപം പോരാ. കേള്‍ക്കാവുന്ന ശബ്ദം അലയുന്ന മനസ്സിനെ നിയന്ത്രിക്കുന്നു. നാമൊരിക്കലും ശബ്ദസ്പന്ദനങ്ങളുടെ പ്രഭാവം കുറവാണെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സാകെ, ശരീരംകൂടി ക്രമാകൃതമായ മന്ത്രജപത്തിന് കഴിപ്പെടുന്നു. ജപം മനസ്സിനെ ശാന്തമാക്കി ഉയര്‍ത്തി ഏകാഗ്രമാക്കുന്നു. ചിലര്‍ മണിക്കൂറുകളോളം ഉറക്കെ ജപിക്കുകയും അതില്‍ നിന്ന് വളരെ ആദ്ധ്യാത്മലാഭം നേടുകയും ചെയ്യുന്നു. നിശബ്ദമായി മന്ത്രം മനസ്സില്‍ ജപിക്കുന്നതുകൊണ്ടും അതേ ഫലമുണ്ടാകും.
-യതീശ്വരാനന്ദസ്വാമികള്‍