Pages

Monday, April 11, 2011

വിഷു -മലയാളത്തിന്റെ കാര്‍ഷികോത്സവം - ആചാരങ്ങള്‍.


വിഷു - മലയാളത്തിന്റെ കാര്‍ഷികോത്സവം
കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.




















 ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവിന് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി പുരുഷന്മാര്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്.മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നു പറയുന്നു. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പതിറ്റുപത്ത് എന്ന് കൃതിയിലുണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണം. വിഷുവില്‍ പ്രധാനമായ മഹാവിഷു ഇപ്പോള്‍ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. 


പണ്ട്‌ മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയിലാണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തിലാണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയിലാണ്‌. വിഷുവിന് ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.


തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു
കണികാണും നേരം











സമഭാവനയുടെയും ആഹ്ലാദത്തിന്റെയും, സമൃദ്ധിയുടെയും നിറവായി ഒരു വിഷു കൂടി. പൊള്ളുന്ന മീന വേനലിന്റെ ദയാരഹിത പകലുകള്‍ക്ക്‌ അറുതി. ഋതുഭേദങ്ങളില്‍ പ്രകൃതിയുടെ ആര്‍ദ്ര താളം. സമൃദ്ധിയുടെ സ്വര്‍ണ നൂലിഴകള്‍ പാകി പ്രകൃതി അണിഞ്ഞൊരുങ്ങുകയാണ്‌. ഐശ്വര്യത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു വിഷുപ്പുലരി കൂടി; സമൃദ്ധിയുടെ നാളുകളിലേക്ക്‌ നമ്മെ നയിക്കുവാന്‍. ജീവിതത്തിന്റെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന്‌ അടര്‍ത്തിമാറ്റി മലയാളികള്‍ക്ക്‌ മാത്രമായി ഒരു ദിവസം നവോന്മേഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറപറകള്‍ ഒരുക്കി ഈ വിഷുവിനെയും കേരളം വരവേല്‍ക്കുന്നു.


വിഷുവിനെ സംബന്ധിച്ച്‌ നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളില്‍ കാണുന്നു. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിനമാണ്‌ വിഷുവെന്നും നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസമാണ്‌ വിഷുവെന്നും പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. ഏതായാലും തിന്മയുടെ മേല്‍ വിജയം കുറിച്ച ദിവസമാണിത്‌. വിഷുദിനത്തില്‍ സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക്‌ നേരെ വരുന്നു. രാത്രിയും പകലും തുല്യമായി വരുന്ന ദിവസം എന്നതാണ്‌ വിഷുവിന്റെ ജ്യോതി ശാസ്ത്ര പ്രസക്തി. തമിഴര്‍ക്ക്‌ ഇത്‌ പുതുവത്സര ദിനം കൂടിയാണ്‌. നമ്മുടെ മനസ്സും കാലവുമെല്ലാം മാറിപ്പോയെങ്കിലും അപൂര്‍വമായി ഒരു നിയോഗം പോലെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലയുന്ന കണിക്കൊന്നകള്‍. കണികാണാനും കൈനീട്ടം വാങ്ങാനും കാത്തിരിക്കുന്ന വിഷുപുലരി. ആഹ്ലാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന മേടപ്പകല്‍. പ്രകൃതിയാകെ മഞ്ഞയുടെ ശോഭയില്‍ കുളിച്ചൊരുങ്ങുന്നു. തൊടികളിലെങ്ങും പൊന്നരഞ്ഞാണം തൂക്കി നില്‍ക്കുന്ന കണിക്കൊന്നകള്‍ പ്രകൃതിയുടെ ഗൃഹാതുരത്വം കലര്‍ന്ന ഒരു വികാരമായി മനസ്സിലേക്ക്‌ പെയ്തിറങ്ങുന്നു. ഒപ്പം വിത്തും കൈക്കോട്ടും പാടി വിഷുപക്ഷിയെത്തും. 


കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം 
അണിഞ്ഞുകാണേണം ഭഗവാനെ - എന്ന പ്രാര്‍ത്ഥനയും പ്രശസ്തമാണല്ലോ.


വിഷു കുട്ടികളുടെ ഉത്സവമാണ്‌. പടക്കം പൊട്ടിക്കല്‍, പൂത്തിരികത്തിച്ച്‌ നിര്‍വൃതിനേടാന്‍ കൊതിക്കാത്ത കുട്ടികളില്ല. വേനലവധിയുടെ കളികളത്തില്‍ തമിര്‍ക്കുന്ന കുട്ടികള്‍ക്ക്‌ മുന്നില്‍ വിഷു ആഹ്ലാദത്തിന്റെ ലോകം തുറക്കുന്നു, പുത്തനുടുപ്പുകളും വിഷുസദ്യയും എല്ലാറ്റിനുമുപരി വിഷുപ്പടക്കങ്ങളും കുട്ടികള്‍ക്ക്‌ ഹരമേകുകയും പ്രായഭേദമേന്യേ ഏവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. വിഷുപ്പക്ഷി പാടിയെത്തുമ്പോള്‍ മലയാളി കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കുള്ള കാര്‍ഷിക വൃത്തിയുടെ തുടക്കം കുറിക്കുന്നു. വിഷുപ്പുലരിയില്‍ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിടുന്നതും അതിന്റെ വെളിച്ചം ഫലവൃക്ഷാദികളെയും വളര്‍ത്തുമൃഗാദികളെയും കാണിക്കുന്നതും ഐശ്വര്യ ദായകമാണെന്നാണ്‌ വിശ്വാസം. 


പക്ഷെ ഇന്ന്‌ വിഷുവിന്റെ പ്രാധാന്യത്തിന്‌ മങ്ങലേറ്റു കൊണ്ടിരിക്കുന്നു. വയലുകളില്‍ പുത്തന്‍ കലപ്പകൊണ്ട്‌ ചാല്‍ കീറി വിത്ത്‌ ഇടുന്ന പതിവ്‌ ഇന്നില്ല. കണിക്കൊന്നപോലും കാലം തെറ്റിയാണ്‌ പൂക്കുന്നത്‌. വിഷുവിന്റെ വരവു വിളിച്ചറിക്കുന്ന വിഷുപക്ഷിയുടെ മനോഹരഗാനം കേള്‍ക്കാനെ ഇല്ല. ശിവകാശിയില്‍നിന്നെത്തുന്ന പടക്കങ്ങളും, തമിഴ്‌നാട്ടില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പൊന്‍ വെള്ളരിയും, വര്‍ണപൂക്കളുമാണ്‌ നമ്മുടെ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്നത്‌. ആധുനികതയുടെ ഉപഭോഗ ഭ്രാന്തില്‍ ആണ്ടുമുങ്ങിയ മനുഷ്യന്‍ ജാതിയുടെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം കൊലവിളി മുഴക്കുമ്പോള്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക്‌ ഗ്രാമീണ ഭാവവും തനിമയും നഷ്ടമാകുന്നു.


‘സമരാത്രിന്ദിവേകാലേ
വിഷുവദ്വിഷുവം ചതത്‌‘ എന്നാണ്‌ അമരകോശവചനം. രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം പക്ഷേ അയന ചലനങ്ങളിലെ മാറ്റം മൂലം രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം. നമ്മുടെ സമൂഹത്തില്‍ അത്രയേറെ ആഴത്തില്‍ പേരുപടര്‍ത്തിയ ഉത്സവമാണിത്‌. വ്യക്തിഗത ദുഃഖങ്ങള്‍ക്ക്‌ 24 മണിക്കൂര്‍ അവധികൊടുത്ത്‌ തിരക്കുകളെല്ലാം ഒരു ദിവസത്തേക്ക്‌ മാറ്റി വെച്ച്‌ സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ഈ മഹോത്സവം നമ്മുക്ക്‌ ആഘോഷിക്കാം. ഐശ്വര്യ പൂര്‍ണവും വിഭവ സമൃദ്ധവും സമാധാന പൂര്‍ണവുമായ ഒരു പുതുവര്‍ഷം നേരാം. ഉണ്ണിക്കണ്ണനെ കണികണ്ടുണരാം
കണിക്കൊന്നയുടെ ഐതീഹ്യപ്പെരുമ








പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്. 


കണിക്കൊന്നകള്‍ക്ക്‌ ഐതിഹ്യപ്പെരുമകള്‍ ഏറെയുണ്ട്. അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ ഐതിഹ്യം. 


കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത്‌ ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണെന്ന്‌ ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ പൂവിനെ മുനി ശപിച്ചു. ആരും തലയില്‍ ചൂടാതെ പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്ന മരത്തിന്റെ മഞ്ഞ വിതാനത്തിനു താഴെവച്ചാണത്രെ ദുഷ്യന്തനും ശകുന്തളയും പ്രഥമ ദര്‍ശനത്താല്‍ അനുരക്തരായത്‌. 


വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു. 


കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു
വിഷുക്കൈനീട്ടവും വിഷുഫലവും



ധനലക്ഷ്മിയെ ആദരിക്കലാണ് വിഷുക്കൈനീട്ടം. ഇത് ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായാണ് കാണുന്നത്. കുടുംബസ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടം. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. 


നാണയമാണ് കൈനീട്ടമായി നല്‍കുക. (ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്.). കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും. വിഷു ദിനം കണിയാന്മാരും രാശിക്കാരുമൊക്കെ വിഷുഫലം വായിക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും നക്ഷത്രം നോക്കിയുള്ള ഫലവും. മൊത്തത്തിലുള്ള ഒരാണ്ടത്തെ ഫലവുമൊക്കെ രാശിക്കാര്‍ എഴുതി തയ്യാറാക്കുമായിരുന്നു. പുതുവര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഋതുഭേദങ്ങളും കാലപ്പിഴകളുമൊക്കെ ഇക്കൂട്ടര്‍ പ്രവചിക്കുമായിരുന്നു. 


ഗ്രഹങ്ങളുടെ നിലക്കനുസൃതമായാണ്‌ മനുഷ്യന്റെ ഭാവി എന്ന ധാരണയോടെയാണ്‌ നാള്‍ നോക്കിയുള്ള പ്രവചനം നടത്തുക. നാടിനെ പൊതുവേ ബാധിക്കാവുന്ന കാലാവസ്ഥാ പ്രവചനങ്ങളും ഈ കൂട്ടത്തിലുണ്ടാകും. മഴക്കാലം എപ്പോഴെത്തും, വേനല്‍ കടുക്കുമോ, എന്നതൊക്കെ കവടി നിരത്തി കണ്ടെത്തുന്ന രീതിയുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവചനങ്ങളാണ്‌ വിഷുഫലമായി കണക്കാക്കുന്നത്‌
ശ്രീകൃഷ്ണന്റെ വ്യക്തിത്വം





നമ്മുടെ ചരിത്രം നോക്കുക. എന്താണിവിടെ കാണുന്നത്‌? ഓരോ സഹസ്രാബ്ദത്തിലും ഒരു മഹാപുരുഷന്‍ ഉയര്‍ന്നുവരുന്നതായി നാം കാണുന്നു. ആ പുരാതന ആദര്‍ശങ്ങളുടെ ശക്തി നവീകരിക്കാനാണ്‌ ആ മഹാപുരുഷന്മാര്‍ വരുന്നത്‌. കാലത്തിന്റെ ആവശ്യങ്ങളനുസരിച്ച്‌ ഏതെങ്കിലും ആശയത്തിന്‌ അല്‍പ്പം വ്യത്യസ്തമായ ഒരു ഊന്നല്‍ അവര്‍ നല്‍കിയെന്നുവരാം. അതാണ്‌ നമ്മുടെ സംസ്കാരസാന്തത്ത്യത്തിനും കാരണം. ഭാരതം ധാരാളം മഹാപരിവര്‍ത്തനങ്ങളെ അതിജീവിച്ചിരിക്കുന്നു. ഇത്‌ നമ്മളെ വിനയസമ്പന്നരാക്കണം. നാം എപ്പോഴും ഒന്ന്‌ ഓര്‍മിക്കേണ്ടതുണ്ട്‌. നമ്മുടെ സംസ്കാരം പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്‌ ആ മഹാപുരുഷന്മാര്‍ കാരണമാണ്‌. നാം അവരെ ഈശ്വരന്റെ അവതാരങ്ങളായി കാണുന്നു. അവതാരങ്ങളായോ മറ്റേതെങ്കിലും തരത്തിലോ വീക്ഷിക്കപ്പെട്ടാലും അവര്‍ വരുന്നത്‌ നമ്മുടെ ദേശീയജീവിതം ഏറ്റവും മോശപ്പെടുമ്പോഴാണ്‌. അവരുടെ സ്പര്‍ശം രാഷ്ട്രത്തിന്റെ മൃതപ്രായമായ അസ്ഥികള്‍ക്കും മാംസപേശികള്‍ക്കും പുതുജീവന്‍ നല്‍കുന്നു. ജീവന്‍ നല്‍കാന്‍ ഈശ്വരന്‌ മാത്രമേ കഴിയൂ. അവരെ ഈശ്വരനെന്നോ, ഈശ്വരമാനവനെന്നോ വിളിക്കാം. ഇത്തരം ഒരു മഹാപുരുഷനാണ്‌ ശ്രീകൃഷ്ണന്‍.


ഭാരതചരിത്രമാസകലം പരിശോധിച്ചാലും ശ്രീകൃഷ്ണനെപ്പോലെ ഇത്രയധികം ഊര്‍ജസ്വലമായ മറ്റൊരു മഹാവ്യക്തിത്വം കാണുകയില്ല. മഹാഭാരതം വായിച്ചവര്‍തന്നെ ഇതിന്‌ സാക്ഷി. ശ്രീകൃഷ്ണനെ ഏവരും സ്നേഹിക്കുന്നു. ശ്രീകൃഷ്ണന്‍ പുരാതന ദല്‍ഹിയായ ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ ആയിരമായിരം ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദനം ചെയ്യാന്‍ കൂടുന്നതായി കാണാം. ഇന്ന്‌ നമ്മുടെ ജനങ്ങള്‍ നേതാക്കളെ സ്വാഗതം ചെയ്യുന്നതുപോലെതന്നെ, അദ്ദേഹം നഗരവീഥിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ കാണാനായി ജനങ്ങള്‍ മതിലുകളിലും മേല്‍ക്കൂരകളിലും കേറി നില്‍ക്കും. ജനാലകളിലൂടെ എത്തിനോക്കും. പുഷ്പവര്‍ഷം ചെയ്യും. മഹാമുനിമാര്‍ മുതല്‍ സാധാരണ കര്‍ഷകര്‍വരെ ഏവര്‍ക്കും അദ്ദേഹത്തെ വലിയ ബഹുമാനമാണ്‌. ഏറ്റവും മഹാനായ ക്ഷത്രിയനാണദ്ദേഹം. എങ്കിലും വിനയാന്വിതനാണ്‌. ഏത്‌ വലിയ കാര്യത്തിനും ഇറങ്ങുമ്പോള്‍, അദ്ദേഹം സജ്ജനങ്ങളെ കണ്ടുവണങ്ങുന്നു. 


പതിതരുടേയും അനാഥരുടേയും സുഹൃത്താണദ്ദേഹം. ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ താമസിക്കുന്നത്‌ പാവപ്പെട്ട വിദുരന്റെ കൂടെയാണ്‌. ദുര്യോധനന്റെ കൊട്ടാരത്തിലെ പ്രതാപവൈഭവങ്ങള്‍ അദ്ദേഹം തട്ടിക്കളയുന്നു. അദ്ദേഹം ബലവാനാണ്‌. രാജാക്കന്മാര്‍ അദ്ദേഹത്തെ താണുവണങ്ങുന്നു. എങ്കിലും അദ്ദേഹത്തിന്‌ സ്വന്തമായി രാജ്യം ആവശ്യമില്ല. അദ്ദേഹം ഗോപാലനാണ്‌. പാവപ്പെട്ടവര്‍ സ്നേഹിക്കുന്ന ആടുമാടുകളെ തീറ്റിപ്പോറ്റുന്നവര്‍, കുട്ടികളും വൃദ്ധന്മാരും പുരുഷന്മാരും സ്ത്രീകളും പണ്ഡിതന്മാരും അജ്ഞരും അദ്ദേഹത്തെ സ്നേഹിക്കുന്നു. ഭാരതത്തില്‍ അക്കാലത്ത്‌ എവിടേയും കൃഷ്ണന്റെ പ്രഭാവം കാണാന്‍ കഴിയും. ജനങ്ങളുടെ എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.


ശ്രീകൃഷ്ണന്റെ വ്യക്തിത്വം ഊര്‍ജസ്വലമായിരുന്നെങ്കില്‍ അത്രമാത്രം ഊര്‍ജസ്വലങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങളും. അവ ശക്തിദായകങ്ങളായ ആശയങ്ങളുടെ സമൂഹമാണ്‌. ഈ കൃഷ്ണനെ നാം മനസിലാക്കണം. ഇതുവരെ നമുക്കുണ്ടായിരുന്ന കൃഷ്ണന്‍ കണ്ണീരും മൃദുലവികാരങ്ങളും ഉണര്‍ത്തുന്നവനായിരുന്നു. എന്നാല്‍ ഗീതാകൃഷ്ണന്‍ ജനങ്ങളെ ഉയര്‍ത്താനും ഊര്‍ജസ്വലരാക്കാനുമാണ്‌ വരുന്നത്‌. പതിതഭാരതത്തെ ഉദ്ധരിക്കാനായി സുദര്‍ശനചക്രധാരിയായ ശ്രീകൃഷ്ണനെ ആഹ്വാനം ചെയ്യുന്ന ഒരു ബംഗാളി ഗാനമുണ്ട്‌.


അവനത ഭാരത ചാഹെ തൊമാരെ
ഏഷോ സുദര്‍ശനധാരി മുരാരീ.
ഇതാണ്‌ ഗീതയിലെ കൃഷ്ണന്‍.


ഭാരത സംസ്കാരത്തിന്റെ എല്ലാ വശങ്ങളിലും ശ്രീകൃഷ്ണന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്‌. കൃഷ്ണനെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ സംസ്കാരത്തില്‍ മൂല്യവത്തായതെല്ലാം തിരോഭവിക്കും. നമ്മുടെ കലയിലും സാഹിത്യത്തിലും സംഗീതത്തിലും ചിത്രകലയിലും ശില്‍പ്പകലയിലും നാടോടിനൃത്തത്തിലും കൃഷ്ണന്റെ സ്വാധീനം കാണാം. നമ്മുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം വിദേശികളെ അത്ഭുതസ്തിമിതരാക്കുന്നു. ഈ സംസ്കാരം ഉയര്‍ന്നത്‌ അസ്പഷ്ടപുരാതനമായ വേദകാലത്ത്‌ ഒരു ലഘുനിര്‍ത്ധരിയായിട്ടാണ്‌. സഹസ്രാബ്ദങ്ങളുടെ അപ്രതിഹതമായ ചരിത്രഗതിയില്‍ അത്‌ പല കൈവഴികളില്‍നിന്നും ശക്തിയും സമൃദ്ധിയും നേടി. ഇന്ന്‌ അതിന്റെ സാരാംശം സദ്ഗുണങ്ങളുടേയും പരിശുദ്ധിയുടേയും ശക്തിയുടേയും മഹാസമുദ്രമാകുന്നു. ഈ സമൃദ്ധസാംസ്കാരിക പൈതൃകത്തിന്റെ പങ്കാളിയെന്ന നിലയ്ക്ക്‌ ഓരോ ഹിന്ദുവിനും അഭിമാനിക്കാന്‍ വകയുണ്ട്‌. ഈ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും സമൃദ്ധമാക്കുകയും ചെയ്തവരില്‍ ഒരാളാണ്‌ കൃഷ്ണന്‍. മനുഷ്യവര്‍ഗം ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നും വേര്‍തിരിയുമെന്ന്‌ സ്വപ്നം കാണുന്നതിന്‌ മുമ്പ്‌ കൃഷ്ണന്‍ ഇവിടെയുണ്ട്‌. അതുകൊണ്ട്‌ കൃഷ്ണന്‍ രാജ്യത്തെ ഓരോ ശിശുവിന്റേയും സ്വന്തമാണ്‌. അവനോ അവളോ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആരുതന്നെ ആയാലും അതങ്ങനെയായിരിക്കും. ഈ രാജ്യത്ത്‌ ജാതി-മത-വര്‍ണ വ്യത്യാസമെന്യേ ഏവരും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, ശങ്കരന്‍ എന്നിവരെ രാഷ്ട്രമനസിന്റെ ശില്‍പ്പികളും ജനങ്ങള്‍ക്ക്‌ സമൃദ്ധമായ ഒരു സാംസ്കാരിക പൈതൃകം നല്‍കിയവരുമായി അംഗീകരിക്കുന്ന ഒരുകാലം വരും. ഈ സംസ്കാരം എല്ലാ സമുദായങ്ങളുടേയും പൊതുസ്വത്താണ്‌. കുറച്ചുനാള്‍മുമ്പ്‌ ഇന്തോനേഷ്യയിലെ ഡോ.സുകര്‍ണ്ണോ മദ്രാസിലെ "ഹിന്ദുപത്ര"ത്തിലെഴുതിയ ഒരു ലേഖനത്തില്‍ ഓരോ ഇന്തോനേഷ്യക്കാരന്റേയും രക്തത്തില്‍ ഭാരതീയസംസ്കാരം കുടികൊള്ളുന്നുണ്ട്‌ എന്ന്‌ പറയുകയുണ്ടായി. ഇന്ത്യക്കാരെല്ലാവരും ഒരു പുരാതന സംസ്കാരത്തെ അവകാശപ്പെടുകയും പ്രേരണയ്ക്കും മാര്‍ഗദര്‍ശനത്തിനുമായി അതിലേയ്ക്ക്‌ ഉറ്റുനോക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന്‌ സങ്കല്‍പ്പിക്കാന്‍ സംശയിക്കേണ്ടതില്ല.


ശരിയായ സ്ഥിതിഗതികള്‍ മനസിലാക്കുമ്പോള്‍ ഈ രാജ്യത്തെ സംസ്കാരത്തില്‍ കൃഷ്ണന്റെ പങ്കെന്തെന്നത്‌ സ്പഷ്ടമായിത്തീരും. ശ്രീകൃഷ്ണന്‍ മഹാഭാരതത്തിലെ ശക്തനായ തത്വജ്ഞാനിയും കര്‍മധീരനുമായിരുന്നു. എങ്കിലും അദ്ദേഹം പൂര്‍ണമായും നിസ്സംഗനായിരുന്നു. രാജ്യത്തെ ബലവാന്മാരും മഹാമുനിമാരും സ്ത്രീകളും കുട്ടികളും കര്‍ഷകരും എന്നുവേണ്ട എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.


ശ്രീകൃഷ്ണനെപ്പറ്റി നാം അറിഞ്ഞതില്‍നിന്നും അദ്ദേഹം ബുദ്ധിമാനായിരുന്നു എന്നും ചുറ്റുമുള്ളവര്‍ അദ്ദേഹത്തില്‍നിന്നും മാര്‍ഗദര്‍ശനം ആഗ്രഹിച്ചിരുന്നു എന്നും മനസ്സിലാക്കാം. അതുകൊണ്ട്‌ അര്‍ജുനന്‍ അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞതില്‍ അത്ഭുതമില്ല. മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ, കൃഷ്ണന്‍ അനാസക്തനായിരുന്നു. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്‌ നിര്‍ലിപ്തമായിരുന്നു. റാല്‍ഫ്‌ വാല്‍ഡോ എമേഴ്സന്‍ മാതൃകാജീവിതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഗീതയിലെ ഒരു ശ്ലോകം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ ലയിച്ചുപോകയും ഏകാന്തതയില്‍ ശാന്തനായിരിക്കയും എളുപ്പമാണ്‌. എന്നാല്‍ ഒരു മാതൃകാപുരുഷന്‍, സമൂഹത്തില്‍ വര്‍ത്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുമ്പോഴും തന്റെ മനസ്സ്‌ ഏകാന്തതയില്‍ വെയ്ക്കും. ലോകം ആജ്ഞാപിക്കുമ്പോള്‍ കരയുക, ലോകം ആജ്ഞാപിക്കുമ്പോള്‍ പുഞ്ചിരിക്കുക. ഇതു തീരെ സാധാരണമായ കാര്യമാണ്‌. എന്നാല്‍ ഗുണപൂര്‍ണത കൈവരുന്നവന്‍ ചന്തസ്ഥലത്തും മനസ്‌ ശാന്തിയോടെ നിലനിര്‍ത്താന്‍ കഴിയുന്നവനാണ്‌. അങ്ങനെ സാധിക്കുന്നില്ലെങ്കില്‍ ആ വികാസം ഏകപക്ഷീയമായിരിക്കും.


അര്‍ജുനന്‍ പരിഭ്രാന്തമായിരിക്കുമ്പോള്‍, കൃഷ്ണന്‍ ശാന്തനായിരിക്കുന്നു. പുഞ്ചിരിയോടെയാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌; കാരണം ആ പരിഭ്രമം നീക്കാമെന്ന്‌ അദ്ദേഹത്തിന്‌ പൂര്‍ണബോധ്യമുണ്ടായിരുന്നു. ഇത്തരം ഒരു വ്യക്തിയുടെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്താല്‍ പുരോഗതി തീര്‍ച്ചയാണ്‌. ഇവിടെ ശിഷ്യന്‍ ഒരു മഹാത്മാവ്‌; ഗുരുവും മഹാത്മാവ്‌. ഇവരുടെ സമ്പര്‍ക്കത്തില്‍ ജീവദായകമായ സത്യം ആവിഷ്ക്കരിക്കപ്പെടും. കഠോപനിഷത്ത്‌ (11.7) ഈ ആശയം ഇങ്ങനെ പ്രസ്താവിക്കുന്നു.


ആശ്ചര്യോ വക്താ കുശലോപസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ


അത്ഭുതകരനായ ശിഷ്യനും അത്ഭുതകരനായ ഗുരുവും ചേരുമ്പോള്‍, ജ്ഞാനോദയമുണ്ടാകും. അര്‍ജ്ജുനന്‍ അതുകൊണ്ട്‌ ശ്രീകൃഷ്ണനെ മാര്‍ഗദര്‍ശകനായി സ്വീകരിക്കുന്നു. എല്ലാത്തരത്തിലും ഒരാളുടെ അര്‍ഹതകള്‍ പരിശോധിച്ച്‌, യോഗ്യനായി കണ്ടതിനുശേഷം, അദ്ദേഹത്തിന്റെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്യുകയാണെങ്കില്‍, നാം അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതരായിരിക്കും. മറിച്ച്‌, വിവേകമില്ലാതെ കണ്ണില്‍ക്കണ്ടവന്റെ കയ്യില്‍ നമ്മുടെ സ്വാതന്ത്ര്യം ഏല്‍പ്പിച്ചുകൊടുത്താല്‍, നാം നശിച്ചുപോകാന്‍ സാധ്യതകളുണ്ട്‌. ഈ രാജ്യത്ത്‌, നാം ഇത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം ഗുരുക്കന്മാരും ചുരുക്കം ശിഷ്യന്മാരും ഉളളിടത്ത്‌ ആരുടെ മുമ്പില്‍ ആത്മസമര്‍പണം ചെയ്യണമെന്ന്‌ അറിയുകയില്ല. ശങ്കരാചാര്യരെ സ്തുതിക്കുന്ന ഒരു ശ്ലോകത്തില്‍ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച്‌ മര്‍മഭേദകമായ ഒരു വചനം ഉണ്ട്‌.


ഗുരവോ ബഹവഃ സന്തി
ശിഷ്യവിത്താപഹാരിണഃ
തമേകം ശങ്കരം വന്ദേ
ശിഷ്യസന്താപഹാരിണം


'ഗുരുക്കന്മാര്‍ ധാരാളമുണ്ട്‌. ശിഷ്യന്മാരുടെ പണം പിടുങ്ങുന്നവര്‍. ശിഷ്യന്മാരുടെ സന്താപങ്ങളെ നശിപ്പിക്കുന്ന ഒരേ ഒരു ഗുരുവായ ശങ്കരനെ ഞാന്‍ വന്ദിക്കുന്നു
അമ്പലപ്പുഴയിലെ വിഷു








വിഷു കേരളക്കരയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുടെ ശുഭവേളയാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സുഗന്ധമൂറുന്ന ഓര്‍മകള്‍ എന്നു വേണമെങ്കില്‍ പറയാം. ഒരു ഋതുസംക്രമ പകര്‍ച്ചയുടെ ചരിത്ര മുഹൂര്‍ത്തം കുറിച്ചുകൊണ്ടു വന്നെത്തുന്ന മേടപുലരി സൂര്യന്‍ ഉത്തരായനത്തില്‍ നിന്ന്‌ ദക്ഷിണായനത്തിലേക്ക്‌ കടക്കുന്ന രാശിമാറ്റമാണ്‌ കുറിക്കുന്നത്‌. പണ്ടുകാലത്ത്‌ മേടം ഒന്ന്‌ മുതലാണ്‌ പുതുവര്‍ഷം ആരംഭിച്ചിരുന്നത്‌.


വിഷുവിന്റെ ചരിത്രവും കഥയും ഐതിഹ്യങ്ങളുമൊക്കെ പലവട്ടം പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്‌. ക്ഷേത്രങ്ങളും ക്ഷേത്ര സംസ്കാരവും കുറെ സ്വാധീനം ചെലുത്തിയിരുന്ന കേരളത്തില്‍ വിഷു ആഘോഷിച്ചിരുന്നത്‌ ആരാധ്യദേവതകളെ മുന്‍നിര്‍ത്തിയാണ്‌. ശൈവവും വൈഷ്ണവുമായ ദര്‍ശനങ്ങളുടെ സമന്വയം വിഷു സങ്കല്‍പത്തിലുണ്ടെന്ന്‌ പറയാറുണ്ട്‌. കേരളത്തിലെ കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടാണ്‌ വിഷു ആഘോഷിക്കുന്നതെന്ന അഭിപ്രായവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്തായാലും ഒരുകാര്യം തീര്‍ത്തു പറയാം. ഇന്ന്‌ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വളരെ ആഘോഷമായി വിഷു കൊണ്ടാടി വരുന്നു. ഗുരുവായൂരിലും അമ്പലപ്പുഴയിലും മറ്റുമുള്ള പ്രശസ്ത ക്ഷേത്രങ്ങളില്‍ പവിത്രമായ ആചാരാനുഷ്ഠാനങ്ങളോടെയാണ്‌ വിഷു ദര്‍ശനം നടത്തിവരുന്നത്‌.


കണികാണുന്നേരം കമലാനേത്രന്റെ
നിറമേലും മഞ്ഞത്തുകില്‍ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം - അണിഞ്ഞുള്ള ഭഗവാന്റെ തിരുരൂപം കണികാണുവാന്‍ കേരളീയ മനസ്‌ കൊതികൊള്ളുന്നത്‌ വൈകാരികമായ ഒരനുഭവമുണ്ട്‌.


അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ വിഷുവിന്റെ തലേന്നാള്‍ രാത്രി തയാറാക്കി വെച്ചതിന്‌ ശേഷമാണ്‌ നടയടയ്ക്കുന്നത്‌. വെള്ളി ഉരുളിയില്‍ കണിവെള്ളരി, ഉണക്കലരി, പഴങ്ങള്‍, കൊന്നപ്പൂവ്‌, നാളികേരം തുടങ്ങിയവ ഒരുക്കി ഭഗവാന്‌ മുന്‍പില്‍ വെയ്ക്കുന്നു. മഞ്ഞപ്പട്ടുടുവിച്ച്‌ കമനീയമായി അലങ്കരിച്ച്‌ ദീപങ്ങള്‍ കൊളുത്തിവെച്ച്‌ മേല്‍ശാന്തിയും ക്ഷേത്രകോയ്മയും ശംഖ്‌ വിളിക്കുന്ന പരിചാരകനും ശ്രീകോവിലിന്‌ പുറത്ത്‌ നാലമ്പലത്തിനുള്ളില്‍ കഴിയുന്നു. വെളുപ്പിന്‌ കുളിച്ചുവന്ന്‌ മേല്‍ശാന്തി നടതുറന്ന്‌ വിളക്കു തിരി നീട്ടി കണി ദര്‍ശിച്ച്‌ ക്ഷേത്രം കോയ്മയെ വിളിച്ച്‌ കണികാണിക്കുന്നു. ഈസമയം ശംഖ്‌ മുഴക്കിക്കൊണ്ടിരിക്കും. കോയ്മയ്ക്ക്‌ കൈനീട്ടം കൊടുത്ത്‌ കഴിയുമ്പോള്‍ ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനത്തിന്‌ പ്രവേശനം നല്‍കുന്നു. രാവിലെ 6 മണിയോടുകൂടി മാത്രമേ അന്നനിര്‍മാല്യം മാറ്റുകയുള്ളൂ. വിഷു ദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാത്രമേ അമ്പലപ്പുഴയില്‍ ഭക്തജനങ്ങള്‍ മറ്റു കാര്യങ്ങളിലിടപെടാറുള്ളൂ. ഇതെല്ലാം നൂറ്റാണ്ടുകളായി നടന്നുവരുന്ന ആയിരങ്ങളുടെ ഭാഗമാണ്‌. ചെമ്പകശേരി തമ്പുരാന്‍ നാടുവാണിരുന്ന കാലത്ത്‌ അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിഷു ഒരുത്സവം പോലെയാണ്‌ ആഘോഷിച്ചിരുന്നത്‌.


വിഷുവും ഓണവും തിരുവാതിരയും ദീപാവലിയും പൂജയെടുപ്പും കര്‍ക്കടകവാവുമൊക്കെ കേരളീയ ജീവിതത്തിലെ ഗ്രാമീണ സംസ്കാരത്തിന്റെ വിശുദ്ധിയും ദീപ്തിയും വഴിയുന്ന സുവര്‍ണ സങ്കല്‍പങ്ങളാണ്‌. ആ സങ്കല്‍പങ്ങള്‍ കൂട്ടുചേര്‍ന്ന ഒരു മനസ്‌ ഈ നാടിനുണ്ടായിരുന്നു. ആ മനസിലാണ്‌ മലയാളിത്തം അഥവാ കേരളത്തനിമ പൂത്തുനിന്നിരുന്നത്‌. കല്ലുംപെയ്തൊലിച്ചു പോവുന്നോ കന്നുശങ്കിക്കുമ്പോഴും വീണ്ടും ഓരോ വിഷുവെത്തുമ്പോഴും ഓണമെത്തുമ്പോഴും നാടുണരുന്നത്‌ ഏതോ സുകൃതവിശേഷം എന്നേ പറയുവാനാവൂ.


അമ്പലപ്പുഴ ഉണ്ണികണ്ണന്റെ നാടാണ്‌. പൊന്നോടക്കുഴലൂതുന്ന കാര്‍വര്‍ണ്ണനെ മഞ്ഞപട്ടുടയാടയും മയില്‍പ്പീലി കിരീടവും ചൂടിയ മട്ടില്‍ വില്വമംഗലം കണ്ട വിവരം നാടുവാഴിയെ അറിയിച്ചതനുസരിച്ച്‌ പണികഴിപ്പിച്ച കൃഷ്ണ ക്ഷേത്രമാണ്‌ ഇവിടെയുള്ളത്‌. കേരളത്തിലെ പ്രസിദ്ധ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ആധ്യാത്മിക പ്രബുദ്ധത കൊണ്ട്‌ കീര്‍ത്തിയാര്‍ജിച്ച ഈ മഹാ ക്ഷേത്രത്തിലെ തിരുവുത്സവം കഴിഞ്ഞാണ്‌ വിഷു വന്നെത്തുന്നത്‌. സര്‍വാലങ്കാര വിഭൂഷിതനായ മണിവര്‍ണ്ണനെ കണികണ്ടു കഴിഞ്ഞാല്‍ ഒരാണ്ട്‌ മുഴുവന്‍ ശുഭം എന്ന വിശ്വാസമാണ്‌ നിലനില്‍ക്കുന്നത്‌. നല്ല കൈനീട്ടം കിട്ടിയാല്‍ അത്‌ പൊലിച്ചുവരും എന്ന വിശ്വാസവും അതോടൊപ്പം നിലനില്‍ക്കുന്നു. ഓരോ വീടുകളിലുമുള്ള പ്രായം ചെന്നവര്‍ കൊച്ചുമക്കള്‍ക്കും സേവകര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സന്തോഷത്തോടെ സമ്മാനിക്കുന്ന കൈനീട്ടം ഒരനുഗ്രഹം കൂടിയാണ്‌. ഇതെല്ലാം ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അനശ്വരമുദ്രകളാണെന്ന്‌ നാം തിരിച്ചറിയണം. ഇവിടുത്തെ കവിതകളുടെ സിരാപടലങ്ങളില്‍ തുളുമ്പി നില്‍ക്കുന്ന വികാരമാണ്‌ വിഷു. ഒരു പുതിയ വിളവൊരുക്കലിന്റെ തുടക്കംകുറിക്കുന്ന വിഷുക്കാലം വിഷുപക്ഷിയുടെ പാട്ടുകേട്ടാണ്‌ ഉണരുന്നത്‌.


പുത്തന്‍വര്‍ഷത്തില്‍
പുലരിക്കണികാണാന്‍
എത്തുംകിളി പാടീ
വിത്തും കൈക്കോട്ടും എന്ന വൈലോപ്പിള്ളിയുടെ കവിത പ്രസിദ്ധമായിരുന്നു. എന്തെല്ലാം പരിവര്‍ത്തനങ്ങളും പരിണാമങ്ങളും ഇവിടെയുണ്ടായാലും കേരളീയ മനസില്‍ ഗ്രാമവിശുദ്ധിയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായ കണിക്കൊന്ന പൂത്തുനില്‍ക്കുമെന്ന ശുഭവിശ്വാസമാണ്‌ വൈലോപ്പിള്ളി വിളിച്ചറിയിച്ചത്‌. ആ വിശ്വാസം കെടാതെ നാം സൂക്ഷിക്കുക. അത്‌ നമ്മുടെ ജീവിതത്തിന്റെ ശാന്തിയുടെ സമാധാനത്തിന്റെ സമസ്തൈശ്വര്യങ്ങളുടെ കെടാവിളക്കാണ്‌
വിഷു - ആചാരങ്ങള്‍



വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. 


കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്‌. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.


ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികാണണം. പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.


തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. ജ്യോതിര്‍ശാസ്‌ത്രം കുറിച്ചുവെച്ച ആണ്ടറുതിയുടെ സവിശേഷത മാത്രമായവസാനിക്കുന്നതല്ല വിഷു ആചാരങ്ങള്‍. വിളവെടുക്കുന്ന പലവിധ സാധനങ്ങള്‍ പൊതുസ്ഥലത്ത്‌ എത്തിച്ച്‌ പരസ്‌പരം അവശ്യസാധനങ്ങള്‍ കൈമാറിപ്പോന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഇന്നും ഗ്രാമ കേരളത്തിന്റെ ചില കോണുകളിലെങ്കിലും ഇത്തരം `മാറ്റചന്തകള്‍' നിലനില്‌ക്കുന്നുണ്ട്‌. 


ഇന്ന്‌ നമുക്ക്‌ വിശേഷിച്ച്‌ നാഗരീക ജീവികള്‍ക്ക്‌ ലഭ്യമായ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഉണ്ടാകും മുന്‍പ്‌ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും മാറ്റച്ചന്തകള്‍ രാജാക്കന്മാര്‍ തന്നെ തയ്യാറാക്കിയിരുന്നു. വടക്കന്‍ പറവൂരിലെ പാലിയംനടയിലെ മാറ്റച്ചന്തയില്‍ നാടന്‍ വിഭവങ്ങളുടെ വിപണനം ഇപ്പോഴുമുണ്ട്‌. പരമ്പരാഗത തൊഴിലാളികളുടെ ഉല്‌പന്നങ്ങളായ മണ്‍പാത്രങ്ങള്‍, കയറുല്‌പന്നങ്ങള്‍, തഴപ്പായ ചിരട്ടത്തവി, കൊട്ട, വട്ടി, മുറം തുടങ്ങിയവയൊക്കെ ഈ മാറ്റച്ചന്തയില്‍ വില്‍പ്പനക്കെത്തിക്കാറുണ്ട്‌.


ദാന ധര്‍മ്മാധര്‍മ്മങ്ങളും നീതി-അനീതികളും സത്യാസത്യങ്ങളും തമ്മിലുള്ള മത്സരം മാനവകുലത്തിന്റെ ആദി മുതല്‍ തന്നെയുള്ളതാണ്‌. ധര്‍മ്മത്തെ കീഴ്‌പെടുത്തി അധര്‍മ്മം ആധിപത്യം സ്ഥാപിക്കുന്ന കാലത്തെ കലികാലമെന്നു നാം വിശേഷിപ്പിക്കുന്നു. അധര്‍മ്മശക്തികളുടെ ആധിക്യം എപ്പോഴെപ്പോഴൊക്കെ ഭൂമുഖത്തുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അതിനെ കീഴ്‌പ്പെടുത്തി ധര്‍മ്മ പുനഃസ്ഥാപനത്തിനായി ഏതെങ്കിലുമൊരു ശക്തി രംഗത്തുവരുന്നതും ചരിത്രം പഠിപ്പിക്കുന്ന സത്യമാണ്‌. 


വേദോപനിഷത്തുകളും ഭഗവത്‌ഗീതയും പുരാണേതിഹാസങ്ങളുമൊക്കെ ഈ ധര്‍മ്മവിജയത്തിന്റെ സാരംശങ്ങളാണ്‌ മനുഷ്യന്‍ പകര്‍ന്ന്‌ തന്നിട്ടുള്ളത്‌. മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനും സാക്ഷാത്‌ക്കാരത്തിനും ധര്‍മ്മസ്ഥാപനത്തിനുള്ള പ്രസക്തിയെയാണ്‌ ഈ സദുപദേശ കൃതികള്‍ വിളിച്ചുപറയുന്നത്‌

No comments: